അസം റൈഫിൾസിന്റെ പുഞ്ചിരിക്കുന്ന മുഖം. മാനുഷിക സേവനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന വ്യക്തിത്വം. ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥൻ. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി.
മണിപ്പൂരിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് മിടുക്കനായ യുവ സൈനിക ഓഫീസറെയായിരുന്നു. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി സേനയിലെ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. മാസങ്ങളോളം മിസോറമിലെ ഇൻഡോ മ്യാൻമർ അതിർത്തി സംരക്ഷിച്ചത് വിപ്ലവ് ത്രിപാഠിയുടെ നേതൃത്വത്തിലുളള ബറ്റാലിയനായിരുന്നു.
കിഴക്കൻ ചത്തീസ്ഗഡിലെ റായ്ഗഡിലെ പേരുകേട്ട കുടുംബമായിരുന്നു വിപ്ലവ് ത്രിപാഠിയുടേത്. അച്ഛൻ സുഭാഷ് ത്രിപാഠി മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ്. അമ്മ ആശ ത്രിപാഠി മുൻ ലൈബ്രേറിയനും സാമൂഹിക പ്രവർത്തകയും. ഒരാഴ്ച മുൻപ് മകനോടൊപ്പം ദീപാവലി ആഘോഷിച്ച് മടങ്ങിയതായിരുന്നു ഇരുവും. പിന്നീട് മകന്റെ ചലനമറ്റ ശരീരമാണ് ആ മാതാപിതാക്കൾ കണ്ടത്.
മാതൃരാജ്യത്തിന് വേണ്ടി പോരാടാനാണ് ഇവർ രണ്ട് മക്കളെയും പഠിപ്പിച്ചത്. 1980, മെയ് 30 ന് ജനിച്ച വിപ്ലവ് മദ്ധ്യപ്രദേശിലെ രേവ സൈനിക് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി ഉന്നത സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കി. 2001 ൽ റാണികെട്ടിലെ കുമാവോൺ റെജിമെന്റിൽ ലെഫ്റ്റനന്റ് പദവിയിൽ ആദ്യ പോസ്റ്റിംഗ് ലഭിച്ചു. പിന്നീട് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ നിന്നും കമാൻഡ് കോഴ്‌സും പാസായി. വിപ്ലവിന്റെ ഇളയ സഹോദരൻ അനയ് ത്രിപാഠി ഷിലോംഗിൽ ലെഫ്റ്റനന്റ് കേണൽ ആണ്.
സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ നിയമനിർമ്മാണ സഭയിലെ അംഗവുമായിരുന്ന കിഷോറി മോഹൻ ത്രിപാഠിയുടെ കൊച്ചുമകൻ കൂടിയാണ് വിപ്ലവ് ത്രിപാഠി. മുത്തച്ഛന്റെ പ്രവർത്തനങ്ങളാണ് രാജസേവനം നടത്താൻ വിപ്ലവിന് പ്രചോദനമായത്. കിഷോറി മോഹനോടൊപ്പം രാഷ്‌ട്രപതി ഭവൻ സന്ദർശിക്കാനും ധീര സൈനികന് ഒരിക്കൽ അവസരം ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ വരെ വിപ്ലവ് ത്രിപാഠി മിസോറമിലായിരുന്നു. ഇന്തോ-മ്യാൻമർ അതിർത്തിയിലെ കന്നുകാലി കടത്ത് ഉൾപ്പെടെയുളള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠി സ്വീകരിച്ചത്. രാജ്യവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തിക്കാനായി അതിർത്തി കടത്തി കൊണ്ടുവന്ന നിരവധി ആയുധങ്ങളും ഇവർ പിടിച്ചെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠിയുടേത്.
സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുളള ത്രിപാഠി സൈന്യവുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിലും മുൻപിലുണ്ടായിരുന്നു. 2020 നവംബറിൽ മിസോറമിലെ ഐസ്വാളിൽ ഭിന്നശേഷിക്കാരായ സ്‌കൂൾ കുട്ടികൾക്കായി വീൽചെയറും പഠനോപകരണങ്ങളും കേൾവിക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുമെല്ലാം വിതരണം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴുമുണ്ട്. ഗിലെഡ് സ്‌കൂളിലെ കുട്ടികൾക്കാണ് ഇവ അന്ന് നൽകിയത്.
മിസോറമിൽ പ്രദേശവാസികളുമായി അടുത്ത ബന്ധം പുലർത്തിയ ത്രിപാഠിയും സംഘവും 2021 ജനുവരിയിൽ ഇവിടെ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയ്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ബറ്റാലിയൻ പ്രദേശത്തെ യുവാക്കൾക്കിടയിലേക്കും കുട്ടികൾക്കിടയിലേക്കും കടന്നുചെന്ന് ലഹരിക്കെതിരായ സന്ദേശം നൽകുന്നതായിരുന്നു ക്യാമ്പെയ്ൻ.
മിസോറം അതിർത്തിക്കടുത്ത് മണിപ്പൂരിലെ സെക്കാൻ ഗ്രാമത്തിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിലാണ് വിപ്ലവ് ത്രിപാഠിയും ഭാര്യയും ആറ് വയസുകാരനായ മകനും മരിച്ചത്. നാല് സൈനികരും വീരമൃത്യു വരിച്ചു. ഒരു ഫോർവേഡ് ക്യാമ്പിൽ നിന്ന് അസം റൈഫിൾസിന്റെ ക്വിക്ക് റെസ്പോൺസ് സ്‌ക്വാഡുമായി ബറ്റാലിയൻ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം ആക്രമണത്തിന് ഇരയായത്.
ഏഴ് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രണ്ട് ഭീകര സംഘടനകൾ രംഗത്തെത്തി. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ ഫ്രണ്ടുമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.















