ഭോപ്പാൽ : മദ്ധ്യപ്രദേശിൽ നവീകരിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. റെയിൽവേ സ്റ്റേഷനിൽ നേരിട്ട് എത്തിയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. ഇതിന് പുറമേ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും.
സംസ്ഥാനത്തെ ലോകോത്തര നിലവാരത്തിലുള്ള ആദ്യ റെയിൽവേ സ്റ്റേഷനാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. നേരത്തെ ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന റെയിൽ വേ സ്റ്റേഷന്റെ പേര് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം റാണി കമലാപതിയോടുള്ള ആദര സൂചകമായി പുനർനാമകരണം ചെയ്യുകയായിരുന്നു. ഗോണ്ട രാജവംശത്തിലെ റാണിയാണ് കമലാപതി.
പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം ദിവ്യാംഗരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് .
റെയിൽവേ സ്റ്റേഷന് പുറമേ പുതുതായി ആരംഭിക്കുന്ന രണ്ട് മെമു സർവ്വീസുകൾക്ക് കൂടി പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഉജ്ജയിൻ- ഇൻഡോർ, ഇൻഡോർ- ഉജ്ജയിൻ സർവ്വീസുകൾക്കാണ് തുടക്കമിടുക.
Comments