പാലക്കാട്: അടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരുള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് പിക്കപ്പ് വാൻ ഒഴുകിപ്പോയി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പുത്തൻപുരയ്ക്കൽ സോമനും മകനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
പിക്കപ്പ് വാൻ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. അഗളി മേഖലകളിൽ കാര്യമായ മഴയില്ല. എന്നാൽ അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ വ്യാപകമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments