പാലക്കാട്: മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റിൽ. കൊലപാതക കുറ്റം ചുമത്തിയാണ് ഷൊർണൂർ സ്വദേശിയായ ദിവ്യയെ(28) അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ആൺ മക്കളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന് മുകളിൽ കൈവച്ച് മടവാൾ കൊണ്ടു സ്വയം വെട്ടിയതിനെത്തുടർന്ന് എല്ലു പൊട്ടി ദിവ്യയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് ദിവ്യയെ പോലീസെത്തി അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനത്തെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി താനും മരിക്കാൻ തീരുമാനിച്ചതെന്നാണ് ദിവ്യയുടെ മൊഴി.
ഭർത്താവും ഭർതൃമാതാവും സ്നേഹത്തോടെയാണു പെരുമാറിയിരുന്നത്. ആദ്യം ഒരു വയസ്സുകാരൻ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരൻ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. പിന്നീട് ഷാൾ ജനൽകമ്പിയിൽ കെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയർ കഴുത്തിൽ കെട്ടി മരിക്കാനും ശ്രമം നടത്തി.
പിന്നീട് അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ട് വെട്ടിയെങ്കിലും കൈ ഞരമ്പ് മുറിഞ്ഞില്ലെന്നു ബോധ്യപ്പെട്ടതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ ദിവ്യയെ ഭർത്താവ് വിനോദാണ് ആശുപത്രിയിലെത്തിയ്ക്കുന്നത്. പിന്നീടാണ് കുട്ടികൾ കൊല്ലപ്പെട്ട വിവരം വിനോദ് അറിയുന്നത്. സംഭവത്തിൽ വിനോദിന്റെ അമ്മയുടെ മാതാവ് അമ്മിണിയമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Comments