പാലക്കാട് : ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. സഞ്ജിത്തിന്റേത് രാഷ്‌ട്രീയ കൊലയാണെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്. അഞ്ച് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും എഫ്‌ഐആറിൽ ഉണ്ട്.
വെളുത്ത കാറിലാണ് അക്രമി സംഘം മമ്പറത്ത് എത്തിയത്. അഞ്ച് പേരാണ് അക്രമി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. രാഷ്‌ട്രീയ വിരോധമാണ് കൊലയ്‌ക്ക് പിന്നിലെന്നും എഫ്‌ഐആറിൽ പറയുന്നു. അതേസമയം കൃത്യം നടത്തിയത് എസ്ഡിപിഐ ആണെന്ന വിവരം പോലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാലക്കാട് എസ്പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. പാലക്കാട്, ആലത്തൂർ ഡിവൈഎസ്പിമാറും, പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിലെ സിഐമാരും അന്വേഷണ സംഘത്തിൽ ഉണ്ട്.
കൊലയ്‌ക്ക് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്രമി സംഘം സഞ്ചരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പോലീസ് എസ്ഡിപിഐക്കാരോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















Comments