തൃശ്ശൂർ : ഇസ്ലാമിക ഭീകരവാദത്തെ താലോലിക്കുന്ന പിണറായി വിജയനും സിപിഎമ്മും തീക്കളിയാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികളെ ഈ നിലയിൽ കേരളത്തിൽ കയറൂരി വിടുന്നത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എസ്ഡിപിഐക്കാർ അരും കൊലചെയ്ത ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെയും, ബിജെപി നേതാവ് ബിജുവിന്റെയും വീടു സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്ലാമിക ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചാവക്കാട്ടെ ബിജുവിന്റെയും കുടുംബങ്ങൾ നെഞ്ചുപൊട്ടുന്ന വേദനയാണ് പങ്കുവെച്ചത്. അവർക്ക് നഷ്ടപ്പെട്ടത് തിരികെനൽകാൻ കഴിയില്ല, പക്ഷേ കുറഞ്ഞത് നീതിയെങ്കിലും ഉറപ്പാക്കണം. അന്വേഷണം കാര്യക്ഷമമാകണമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐക്കാർ കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുകൊലപാതകങ്ങളും നടപ്പാക്കിയത്. തൃശ്ശൂരിന്റെ തീരപ്രദേശങ്ങളിൽ ഇത് ആദ്യ സംഭവമല്ല മറ്റു പാർട്ടിക്കാരും. ഭീകരവാദികളുടെ കത്തിക്കിരയായിട്ടുണ്ട്. പക്ഷേ വോട്ട് ബാങ്കിനെ ഭയന്ന് മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments