തിരുവനന്തപുരം: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി. ആഭ്യന്തര വകുപ്പ് തന്നെ കേസ് അട്ടിമറിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എസ്ഡിപിഐ തീവ്രവാദികളായ കൊലപാതകികളെ രക്ഷിക്കാൻ വേണ്ടിയാണ് കേരളത്തിലെ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ കേരള പോലീസിന്റെ അന്വേഷണത്തിൽ ബിജെപിക്കും പൊതുസമൂഹത്തിനും വിശ്വാസമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ബഹുജനപ്രക്ഷോഭം ശക്തമാക്കുമെന്നും സുധീർ പറഞ്ഞു. ഈ മാസം 25 ന് എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്ലാമിക തീവ്രവാദികളും സർക്കാരും തമ്മിലുളള അവിശുദ്ധ ബന്ധം ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ആ തീവ്രവാദ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. രാഷ്‌ട്രീയ കൊലപാതകം മാത്രമല്ല എല്ലാ മേഖലയിലും തീവ്രവാദ സംഘങ്ങളുമായി ഇടത് സർക്കാർ സമരസപ്പെട്ടതിന്റെ തെളിവുകൾ കാണാമെന്നും സുധീർ പറഞ്ഞു. സഞ്ജിത് കൊല്ലപ്പെട്ടിട്ട് നാളെ ഒരാഴ്ച തികയുന്ന പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് കടുപ്പിച്ചത്.
ഇതുവരെ കൊലപാതകികൾ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം മാത്രമാണ് പോലീസിന് തിരിച്ചറിയാനായത്. എന്നാൽ വാഹനം കണ്ടെത്താനോ കൊലപാതകികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാക്കാനോ സാധിച്ചിട്ടില്ല. എവിടെ നിന്നുളളവരാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിയാൻ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
















Comments