കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് സുഹൈലിനെയും മാതാവ് റുഖിയ പിതാവ് റഹീം എന്നിവരെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇവർ ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കോതമംഗലത്തെ ബന്ധുവീട്ടൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എത്തിയത്. സുഹൈലും കുടുംബവും ഇവിടെയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണകുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇവർ ഒളിവിലായിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഊർജ്ജിത അന്വേഷണമായിരുന്നു പോലീസ് നടത്തിയിരുന്നത്. സംഭവത്തിൽ ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചുവെന്നാണ് മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ഇക്കാര്യം മൊഫിയയുടെ പിതാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്.
Comments