കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി വിമർശിച്ചു.കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് ഹൈക്കോടതി പരാമർശം.റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു.
റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടെന്ന് കോടതി ആരാഞ്ഞു.കഴിഞ്ഞ വർഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകൾ മാസങ്ങൾക്കകം പഴയ പടിയായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. രൂക്ഷ വിമർശനത്തിന് പിന്നാലെ റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ മാറ്റി നിർത്തി, പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
തുടർന്ന് സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി നിർദേശം നൽകി.റോഡുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കാണ് കോടതി നിർദേശം നൽകിയത്.റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് കോടതി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും തകർന്ന് വാഹനയാത്രക്കാരുടേയും കാൽനടയാത്രക്കാരുടേയും സുരക്ഷയ്ക്ക് വരെ ഭീഷണിയായ സാഹചര്യമാണ് നിലവിലുള്ളത്. നിരവധിപേരാണ് റോഡുകളിൽ രൂപപ്പെട്ട കുഴികളിൽ വീണ് അപകടത്തിലാവുന്നത്. റോഡും തോടും തമ്മിൽ തിരിച്ചറിയാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
Comments