തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ജല അതോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കന്നതിന് കാരണം ജല അതോറിറ്റിയാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം റോാഡുകളുടെ ശോചനീയാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
റോഡ് കുത്തിപ്പൊളിക്കുന്നവർക്ക് അത് നന്നാക്കാനും ഉത്തരവാദിത്വമുണ്ട്. റോഡുകൾ ഇത്തരത്തിൽ കുത്തിപ്പൊളിക്കുന്നതിനെതിരെ ശക്തമായ നിലപാട് പൊതുമരാമത്തുവകുപ്പ് സ്വീകരിക്കും. ഇക്കാര്യത്തിൽ എൻജീനിയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. ജല അതോറിറ്റി റോഡ് കുത്തിപ്പൊളിക്കുകയാണെങ്കി അത് പഴയത് പോലെ ആക്കണമെന്നാണ് 2017 ലെ സർക്കാർ ഉത്തരവും റിയാസ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.
റോഡ് നന്നാക്കൻ കഴിയില്ലെങ്കിൽ ജോലി രാജിവെച്ച് പോകാനാണ് എൻജിനീയർമാരോട് കോടതി പറഞ്ഞത്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ അറ്റകുറ്റ പണി നടത്താനുള്ള ഉത്തരവാദിത്വം കരാറുകാരുടേതാണ്. കരാറുകാർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് . പലർക്കും കാലാവധി എന്തെന്ന് അറിയില്ലെന്നും റിയാസ് വ്യക്തമാക്കി.
അതേസമയം പൊളിച്ച റോഡുകൾ വേഗത്തിൽ നന്നാക്കാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പൈപ്പിട്ട് കഴിഞ്ഞാൽ അതിന്റെ പരിശോധന നടത്താതെ അടയ്ക്കാൻ കഴിയില്ല. പൈപ്പിട്ട ശേഷം കുഴി അടച്ചാൽ പരിശോധനയ്ക്കായി വീണ്ടും തുറക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Comments