ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കാൻ പോകുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കായുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. സിസംബർ 14നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്താനുമാണ് നിലവിലെ ഏഷ്യൻ സംയുക്തചാമ്പ്യന്മാർ. കനത്ത മഴയെ തുടർന്ന് മത്സരം മുടങ്ങിയതോടെയാണ് കിരീടം പങ്കിട്ടത്.
ഒളിമ്പിക്സിൽ പങ്കെടുത്ത പ്രധാന സീനിയർ താരങ്ങളിൽ നായകൻ മൻപ്രീതിനെ നിലനിർത്തി യുവതാരങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്.ഹർമൻപ്രീത് സിംഗാണ് വൈസ് ക്യാപ്റ്റൻ. ഇത്തവണ നായകനൊഴിച്ച് ബാക്കി എല്ലാ താരങ്ങളും 25 വയസ്സിന് താഴെയുള്ളവരാണ്. കിഷൻ ബഹാദൂർ പഥക്, സുരാജ് കർക്കേര എന്നിവരാണ് ഗോൾകീപ്പർമാരായുള്ളത്.
മലയാളി താരവും മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷടക്കം പത്ത് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. ടീം ഇന്ത്യയുടെ ഭാവിതാരങ്ങളെയാണ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനിറക്കുന്നതെന്നാണ് പരിശീലകൻ ഗ്രഹാം റീഡ് അറിയിച്ചത്.
ഇന്ത്യയുടെ ആദ്യമത്സരം ഡിസംബർ 14ന് കൊറിയക്കെതിരെയാണ്. ബംഗ്ലാദേശിനെ 15നും പാകിസ്താനെ 17നും ഇന്ത്യ നേരിടും. മലേഷ്യക്കെതിരെ 18നും ജപ്പാനെതിരെ 19നും ഇന്ത്യ ഇറങ്ങും. സെമിഫൈനൽ 21നും ഫൈനൽ 22നുനാണ്.
Comments