തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി. ശിവൻകുട്ടി ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
‘സസ്പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കേണ്ടെന്നും സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്ക്കുന്നില്ലെന്നുമാണ് ശിവൻകുട്ടിയുടെ പ്രതികരണം. സഖാക്കൾ എളമരം കരീമും ബിനോയ് വിശ്വവും അടക്കമുളള എംപിമാർക്ക് അഭിവാദ്യവും’ നേർന്നു. ഇരുവരുടെയും ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത കാർഡിലാണ് ശിവൻകുട്ടിയുടെ വാക്കുകൾ.
വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം സുരക്ഷാ ജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചതിനും രാജ്യസഭയിൽ അക്രമാസക്തമായും നിയന്ത്രണമില്ലാതെയും പെരുമാറിയതിന്റെ പേരിലാണ് എളമരം കരീമും ബിനോയ് വിശ്വവും ഉൾപ്പെടെ 12 എംപിമാരെ സസ്പെൻഡ് ചെയ്യാൻ സഭ തീരുമാനിച്ചത്.
അതേസമയം മന്ത്രിയുടെ എഫ്ബി പോസ്റ്റിന് താഴെ നിയമസഭയിൽ നേരത്തെയുണ്ടായ കയ്യാങ്കളി ഓർമ്മിപ്പിക്കുന്ന കമന്റുകളും നിരന്നിട്ടുണ്ട്.
Comments