മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മമത ഇന്ന് മുംബൈയിൽ എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരത് പവാർ തുടങ്ങിയവരുമായി മമത കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ മമതയുടേയും ഉദ്ധവിന്റേയും കൂടിക്കാഴ്ച നടക്കില്ലെന്നാണ് ശിവസേന വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് കൂടിക്കാഴ്ച്ച റദ്ദാക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ഉദ്ധവ് മമതയെ കാണാൻ തയ്യാറാകാത്തത് എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഡൽഹിയിലെത്തിയ മമത സോണിയയെ കാണാൻ തയ്യാറായിരുന്നില്ല. എല്ലാതവണ വരുമ്പോഴും സോണിയയെ കാണണമെന്ന് നിർബന്ധമുണ്ടോ എന്നായിരുന്നു വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമത പറഞ്ഞത്. പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ മമത തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുമായും മാത്രമാണ് മമത ഇത്തവണ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ മമതയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതിനിധികളെ മമത ചാക്കിട്ടുപിടിക്കുകയാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മമതയുമായി യോജിച്ച് പോകാൻ ബുദ്ധിമുട്ടാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളാണ് ശിവസേനയും കോൺഗ്രസും തൃണമൂലുമെല്ലാം. നേരത്തെയുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഉദ്ധവ് മമതയെ കാണാൻ തയ്യാറാകാത്തതെന്നാണ് വാർത്തകൾ.
അതേസമയം നാളെ മുംബൈയിലെ പ്രധാന വ്യവസായികളുമായി മമത കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് ഇവരെ ക്ഷണിക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബംഗാൾ ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ മമത ക്ഷണിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് രാജ്യവും സംസ്ഥാനവും എപ്പോഴും യോജിച്ച് പ്രവർത്തിക്കുമെന്നും, അവിടെ രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്നുമാണ് മമത പറഞ്ഞത്.
Comments