കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽവിട്ടു. കേസിൽ മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ(27), ഭർതൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിൽ വിട്ടത്.
ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയയുടെ കേസിൽ എറണാകുളം ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.
ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ, ഫോൺ കോളുകൾ എന്നിവ പരിശോധിക്കണമെന്നും വീട്ടിലെത്തിച്ച് തെളിവെടുക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചു. അതേസമയം ആരോഗ്യം കൂടി പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. മാതാവ് റുഖിയക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി മൂന്ന് പേരെയും കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും പോലീസിന്റെ പെരുമാറ്റത്തെ തുടർന്നുമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നുണ്ട്. സുധീറിന്റെ പെരുമാറ്റം മൊഫിയയെ മാനസികമായി വിഷമിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരികെ എത്തിയ ഉടനെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്.















