ശ്രീനഗർ : പൽഹലാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന. ബന്ദിപ്പോര സ്വദേശികളായ ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരെയാണ് പിടികൂടിയത്. നവംബർ 17 ന് പൽഹലാനിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് മൂന്ന് പേരും.
ഇന്നലെ രാത്രിയോടെ വുസ്സാൻ പഠാനിലെ നക്ക മേഖലയിൽ നിന്നുമാണ് മൂന്ന് പേരും പിടിയിലായത്. വുസ്സാൻ പഠാനിലെ നക്കയിൽ പട്രോളിംഗ് മേഖലയ്‌ക്ക് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ നിൽക്കുന്നതു കണ്ട മൂന്ന് പേരെയും സേനാംഗങ്ങൾ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സുരക്ഷാ സേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ പ്രദേശത്ത് ഇവർ ഒളിക്കാൻ ശ്രമിച്ചെങ്കിലും സേനാംഗങ്ങൾ പിടികൂടുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും ബരാമുള്ള പോലീസിന് കൈമാറി.
ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ് മൂന്ന് പേരുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണ്. നക്കയിലെ പട്രോളിംഗ് സംഘത്തെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.
ഗ്രനേഡ് ആക്രമണത്തിന് പിന്നാലെ ഇവർക്കായി പോലീസ് ശക്തമായ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു ആക്രമണത്തിനായുള്ള ആസൂത്രണത്തിനിടെ ഇവർ പിടിയിലാകുന്നത്.
Comments