അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കി ഗുജറാത്ത്. 2012-2020 സാമ്പത്തിക വർഷത്തിനിടയിൽ വ്യാവസായിക ഉത്പാദന മേഖലയിലെ മൊത്ത നിർമ്മാണ മൂല്യത്തിൽ (ജിവിഎ) 15.9 ശതമാനം വർദ്ധനയോടെ 5.11 ലക്ഷം കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളിലാണ് ഈ നേട്ടം വിവരിക്കുന്നത്. ഈ കാലയളവിനുള്ളിൽ മഹാരാഷ്ട്രയുടെ വാർഷിക വളർച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ മഹാരാഷ്ട്രയിലെ ജിവിഎ 4.34 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ സേവന കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉയർന്ന ജിവിഎ സ്വന്തമാക്കിയ മറ്റ് സംസ്ഥാനങ്ങൾ. തമിഴ്നാടിന് 3.43 ലക്ഷം കോടി രൂപയും കർണാടകയ്ക്ക് 2.1 ലക്ഷം കോടി രൂപയും ഉത്തർപ്രദേശിന് 1.87 ലക്ഷം കോടി രൂപയുമാണ് നേട്ടം. 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിവിഎ 16.9 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. 2012 സാമ്പത്തിക വർഷം മുതൽ 9.7 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായത്. ഗുജറാത്തിലേക്ക് പുറത്ത് നിന്നുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചതാണ് ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. സംസ്ഥാനത്തെ വ്യാവസായിക സൗഹൃദ സംസ്ഥാനമാക്കി മാറ്റിയത് വഴി വൻ തോതിലുള്ള നിക്ഷേപമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാരും ഇതിന് വലിയ പ്രോത്സാഹനം നൽകി.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ മുപ്പതോളം പുതിയ വ്യവസായ പാർക്കുകളാണ് ഗുജറാത്തിൽ പുതിയതായി ആരംഭിച്ചത്. നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് ശേഷം ഇവിടെ വലിയ തോതിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വ്യവസായ വളർച്ചയ്ക്ക് വേണ്ടി പ്രത്യേക വ്യവസായ മേഖലകളും, സാമ്പത്തിക മേഖലകളും സൃഷ്ടിച്ച് നിക്ഷേപങ്ങളും ആകർഷിക്കാനും ശ്രമങ്ങൾ ആരംഭിച്ചതും സംസ്ഥാനത്തിന് നേട്ടമായി
Comments