ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരൻ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ.ശ്രീലങ്കൻ സർക്കാറിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ആൾകൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.ശ്രീലങ്കൻ എക്സ്പോർട്ട് മാനേജറായ പ്രിയന്ത കുമാരയെ കൊന്ന കേസിലാണ് അറസ്റ്റ്.പാക് പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്.ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്
പ്രിയന്ത കുമാരയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുറച്ച് ഫാക്ടറി തൊഴിലാളികളെയും ഇന്നലെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾകൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭയാനകമായ ദൃശ്യങ്ങളിൽ,’ലബ്ബൈക് യാ റസൂൽ അല്ലാഹ്’ എന്ന് മുദ്രാവാക്യം വിളിച്ച് സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾ ഒരു ഫാക്ടറിയുടെ എക്സ്പോർട്ട് മാനേജരെ ക്രൂരമായി ആക്രമിക്കുന്നതും പിന്നീട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുന്നതും കാണാം.പ്രിയന്തയുടെ കത്തിയ കാറിന്റെ അവശിഷ്ടങ്ങൾ മറിച്ചിടുകയും കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ഫാക്ടറി നശിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമാണ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇമ്രാൻഖാൻ സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. നിരവധിപേരാണ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് ഇത് പാകിസ്താന്റെ നാണക്കേടിന്റെ ദിവസമാണെന്നും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ കൊലപാതകികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ല.ശ്രീലങ്കൻ വിദേശകാര്യ വക്താവ് സുഗീശ്വര ഗുണരത്ന ഉൾപ്പടെ പാക് സർക്കാരിനെ ശക്തമായി വിമർശിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. ‘സിയാൽകോട്ട് സംഭവം തീർച്ചയായും വളരെ ദുഃഖകരവും ലജ്ജാകരവുമാണ്, ഒരു തരത്തിലും മതപരമല്ല’ എന്ന് പാക് പ്രസിഡന്റ് ഡോ ആരിഫ് ആൽവി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
എന്നാൽ പാകിസ്താനിൽ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങൾ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാൻ മതമൗലികവാദികൾ ചേർന്ന് പോലീസ് സ്‌റ്റേഷൻ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാകിസ്താനിൽ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്
















Comments