പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ ഡമ്മി പരീക്ഷണം നടത്താൻ സിബിഐ. കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുന്നത്. കുട്ടികൾ തൂങ്ങി നിന്ന മുറിയിൽ ഓരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനാണ് ഡമ്മി പരിശോധന നടത്തുന്നത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസ് സിബിഐ ഏറ്റെടുക്കുന്നത്. പ്രതികൾക്കെതിരെ പാലക്കാട് പോക്‌സോ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിട്ടുണ്ട്. കൊലക്കുറ്റം, ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിഐ എഫ്‌ഐആർ. കേസിൽ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിലുള്ളത്.
ജനുവരി രണ്ടിനാണ് വാളയാർ കേസ് സിബിഐയ്‌ക്ക് വിട്ട് സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സിബിഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. അന്വേഷണം നടത്തിയിരുന്ന പ്രത്യേകസംഘത്തിൽ നിന്നും എല്ലാ രേഖകളും സിബിഐ ഏറ്റെടുത്തിരുന്നു.
Comments