തിരുവനന്തപുരം: ജയിലിനുള്ളിൽ കൂടിവരുന്ന അനധികൃത ഫോൺ വിളികൾ തടയാൻ പദ്ധതി നടപ്പാക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഫോൺവിളികൾ തടയുന്നതിനായി പ്രത്യേക ടവറുകൾ സ്ഥാപിക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാൻ ആലോചിക്കുന്നതായി ജയിൽ വകുപ്പ് അറിയിച്ചു. എംഇഎസ്എ(മൊബൈൽ എൻഹാൻസ്ഡ് സ്പെക്ട്രം അനലൈസർ) എന്നാണ് സാങ്കേതിക വിദ്യയുടെ പേര്.
ജയിൽ വളപ്പിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് ഫോൺ കോളുകൾ നിരീക്ഷിക്കുകയാണ് ചെയ്യുക. ഒരു കോടി രൂപയാണ് ടവർ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ ചെലവ്. നേരത്തെ തിഹാർ ജയിൽ അധികൃതർ ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. അവിടെ ടവറുകൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മൊബൈൽ കമ്പനികളുടേയും സേവനം ലഭിക്കുന്ന ടവർ ജയിൽ വളപ്പിൽ സ്ഥാപിക്കുന്നതാണ് ആദ്യ ഘട്ടം. ജയിലിന്റെ ഉള്ളിൽ തന്നെ ടവറിന്റെ സേവനം പരിമിതപ്പെടുത്തും. ജയിലിനുള്ളിലേക്ക് ഫോൺ കോളുകൾ വരുന്നത് ഈ ടവറിലൂടെയായിരിക്കും. ഈ കോളുകൾ പ്രത്യേക ടെലിഫോൺ വിങ് പരിശോധിക്കും.
ആവശ്യമില്ലാത്ത കോളുകൾ ബ്ലോക്ക് ചെയ്യാൻ പരിശോധനയിലൂടെ സാധിക്കും. അനധികൃതമായി മൊബൈൽ ഫോൺ ജയിലിനുള്ളിൽ കടത്തിയാലും ടവർ പരിശോധനയിൽ ഇത് കുടുങ്ങും. പദ്ധതി എത്രയും വേഗം തന്നെ നടപ്പിലാക്കാൻ മൊബൈൽ സേവനദാതാക്കളുമായി ഉടൻ ചർച്ച നടത്തുമെന്ന് ജയിൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments