വാഷിംഗ്ടൺ: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വരാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിൽ നിന്നും നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ബൈഡൻ നടത്തിയത്.
ഉയിഗുറുകളുടെ വിഷയത്തിലും കൊറോണ കാലത്തെ മനുഷ്യത്വരഹിത സമീപനത്തിലുമാണ് പ്രധാന വിയോജിപ്പുള്ളത്. ഒപ്പം ഹോങ്കോംഗിലും തായ് വാനിലും എടുത്തുകൊണ്ടിരിക്കുന്ന അടിച്ചമർത്തൽ അധിനിവേശ ശ്രമങ്ങൾക്കും എതിരായ പ്രതികരണമെന്ന നിലയിലാണ് ബഹിഷ്ക്കരണം.
ശൈത്യകാല ഒളിമ്പിക്സ് 2022 ഫെബ്രുവരിയിൽ ബീജിംഗിലാണ് നടക്കുന്നത്. ഒരു ഘട്ടത്തിൽ ഒളിമ്പിക്സ് തന്നെ ചൈനയിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി കാനഡ രണ്ടു വർഷം മുന്നേ രംഗത്ത് വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളും കാനഡയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൊറോണയുണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കായിക മേഖല തിരികെ വരണമെന്ന ശക്തമായ ആവശ്യമാണ് മത്സരം നടക്കട്ടെ, നയതന്ത്രബഹിഷ്ക്കരണമാണ് നല്ലതെന്ന ആശയത്തിലേക്ക് എത്തിച്ചത്.
അമേരിക്ക ഔദ്യോഗികമായി നയതന്ത്ര പിന്മാറ്റം പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങളും അവരുടെ നയം വ്യക്തമാക്കുമെന്നാണ് സൂചന.
Comments