തൃശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. ബാങ്ക് വായ്പ കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. തൃശൂർ കുണ്ടുവാറ സ്വദേശി വിപിനാണ് മരിച്ചത്. അടുത്ത ഞായറാഴ്‌ച്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
മൂന്ന് സെന്റ് ഭൂമി മാത്രമെയുള്ളൂ എന്നതിനാൽ എവിടെ നിന്നും വായ്പ കിട്ടിയില്ല. തുടർന്ന് പുതുതലമുറ ബാങ്കിൽ നിന്ന് വായ്പ്പയ്‌ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചുവെന്ന അറിയിപ്പിനെ തുടർന്നാണ് വിവാഹത്തിന് സ്വർണ്ണമെടുക്കാനായി ജ്വല്ലറിയിൽ പോയത്. ആഭരങ്ങളെടുത്ത ശേഷം പണവുമായി ഉടനെത്താമെന്ന് അറിയിച്ച് വിപിൻ പോയി.
എന്നാൽ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽ നിന്നും പിന്നീട് അറിയിപ്പ് കിട്ടുകയായിരുന്നു. ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കൊറോണ കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു.
Comments