കൊളംബോ : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ പ്രിയന്ത കുമാരയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് ശ്രീലങ്ക. ഇതിനായി ശ്രീലങ്കൻ തൊഴിൽ മന്ത്രി സമർപ്പിച്ച നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി. 2.5 മില്യൺ രൂപയാണ് പ്രിയന്ത കുമാരയുടെ കുടുംബത്തിന് സഹായമായി സർക്കാർ നൽകുന്നത്.
പ്രിയന്തയെ ആശ്രയിച്ചാണ് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ പ്രിയന്ത കൊല്ലപ്പെട്ടതോടെ എങ്ങിനെ ജീവി്ക്കുമെന്ന് അറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം. മാനുഷിക മൂല്യങ്ങൾ കണക്കിലെടുത്തും, ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയ്‌ക്കായി പ്രിയന്ത നൽകിയ സംഭാവനയും പരിഗണിച്ചാണ് കുടുംബത്തിന് ശ്രീലങ്കൻ സർക്കാർ ധനസഹായം നൽകുന്നത്.
കഴിഞ്ഞ 11 വർഷക്കാലമായി പാകിസ്താനിലെ പഞ്ചാബിലുള്ള ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയാണ് പ്രിയന്ത. ബ്യൂറോ ഓഫ് ഫോറിൻ എംപ്ലോയ്മെന്റ് ഫണ്ടിൽ നിന്നുമാണ് സർക്കാർ പ്രിയന്തയുടെ കുടുംബത്തിന് പണം നൽകുക.
കഴിഞ്ഞ ആഴ്ചയാണ് മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ പ്രിയന്തയെ കൊലപ്പെടുത്തിയത്. തെഹ്രീകെ ലബ്ബായിക് പാകിസ്താൻ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളുകൾ നോക്കി നിൽക്കേ തെരുവിലിട്ട് കത്തിച്ചായിരുന്നു മതമൗലികവാദികളുടെ ക്രൂരത.
















Comments