സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ സമാനമായ ആകാശദുരന്തം ഏറ്റുവാങ്ങിയവര്‍ ഏറെയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആകാശപാതയില്‍ ജീവന്‍ പൊലിഞ്ഞവര്‍ ഏറെയാണ്.
കോണ്‍ഗ്രസ് നേതാവായിരുന്ന സഞ്ജയ് ഗാന്ധി, മുന്‍ കേന്ദ്ര മന്ത്രി മാധവറാവു സിന്ധ്യ, മേഘാലയ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി സി. സാങ്ങ്മ, ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി, കേന്ദ്രമന്ത്രി എസ് മോഹന്‍കുമാരമംഗലം, മുന്‍ സ്പീക്കര്‍ ജിഎംസി ബാലയോഗി, ഹരിയാന മന്ത്രി ഒ.പി.ജിന്‍ഡാല്‍, പഞ്ചാബ് ഗവര്‍ണര്‍ സുരേന്ദ്ര സിങ്ങ്, അരുണാചല്‍ പ്രദേശ് വിദ്യാഭ്യാസ മന്ത്രി ദേരാനടുംങ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു, തുടങ്ങിയവര്‍ വ്യോമപാതയില്‍ ജീവന്‍ പൊലിഞ്ഞവരാണ്.
1980 ജൂണ്‍ 23ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഗ്ലൈഡര്‍ തകര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധി മരിച്ചു. ഇന്ത്യന്‍ രാഷ്ടീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു സഞ്ജയ് ഗാന്ധിയുടേത്. ഇന്ദിരയുടെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെട്ടിരുന്ന അദ്ദേഹം മരിച്ചതോടെയാണ് മൂത്ത മകന്‍ രാജീവ്ഗാന്ധി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതും പിന്നീട് പ്രധാനമന്ത്രിയായതും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതാണ് മറ്റൊരു അപകടം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലേക്ക് ബെല്‍ 430 വിമാനത്തില്‍ പറക്കുന്നതിനിടെ വൈഎസ്ആറിന്റെ ഹെലികോപ്റ്റര്‍ വനത്തില്‍ തകര്‍ന്നുവീഴുകയായിരുന്നുു. 2009 സെപ്തംബര്‍ 3 ന് ഹെലികോപ്റ്റര്‍ കാണാതായി 27 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ദേശീയ രാഷ്ടീയത്തിലും ആന്ധ്രാ രാഷ്‌ട്രീയതിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതാണ് വൈഎസ്ആറിന്റെ വിയോഗം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്തംബര്‍ 30 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനായി യാത്ര ചെയ്യുന്നതിനിടെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ ജ്യോതിരദിത്യ സിന്ധ്യ ഇന്ന് രാജ്യത്തിന്റെ വ്യോമയാനമന്ത്രിയെന്നതാണ് മറ്റൊരു ആകസ്മികത.

ലോക്സഭാ സ്പീക്കറും തെലുങ്കുദേശം നേതാവുമായ ജി എം സി ബാലയോഗി 2002 മാര്‍ച്ച് മൂന്നിന്് ആന്ധ്രാപ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബെല്‍ 206 ഹെലികോപ്റ്ററിലായിരുന്നു ബാലയോഗിയുടെ യാത്ര. ആകാശകാഴ്ച കുറവായതിനാല്‍ യാത്ര തുടരാന്‍ കഴിയാതെ പൈലറ്റ് കളിസ്ഥലമാണെന്ന് കരുതി പായല്‍ നിറഞ്ഞ കുളത്തില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ താഴ്ന്ന് പറന്നപ്പോഴാണ് പൈലറ്റിന് കുളമാണെന്ന് മനസിലായത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മുകളിലേക്ക് പറത്താന്‍ ശ്രമിക്കുന്നതിനിടെ പങ്ക മരത്തിലിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് മോഹന്‍ കുമാരമംഗലം 1973ല്‍ ന്യൂഡല്‍ഹിക്കടുത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ അന്നത്തെ വൈദ്യുതി മന്ത്രിയും പ്രമുഖ വ്യവസായിയുമായ ഒ പി ജിന്‍ഡാലും, സംസ്ഥാന കൃഷി മന്ത്രി സുരേന്ദ്ര സിംഗും 2005 മാര്‍ച്ച് 31ന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിന് സമീപം ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ സംഭവിച്ച് മറിഞ്ഞ് മരിച്ചു.
അരുണാചല്‍ പ്രദേശ് വിദ്യാഭ്യാസ മന്ത്രി നടുംങ് 2001 മെയ് മാസത്തില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അന്നത്തെ മേഘാലയ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി സി. സാംഗ്മയും മൂന്ന് നിയമസഭാംഗങ്ങളും മറ്റ് ആറ് പേരും 2004 സെപ്റ്റംബറില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
1994 ജൂലൈ 9 ന് ഹിമാചല്‍ പ്രദേശില്‍ മോശം കാലാവസ്ഥയില്‍ സര്‍ക്കാരിന്റെ സൂപ്പര്‍ കിംഗ് വിമാനം ഉയര്‍ന്ന പര്‍വതങ്ങളില്‍ തകര്‍ന്ന് പഞ്ചാബ് ഗവര്‍ണര്‍ സുരേന്ദ്രനാഥും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും മരിച്ചു. സുരേന്ദ്രനാഥ് അന്ന് ഹിമാചലിന്റെ ചുമതലയും വഹിച്ചിച്ചിരുന്നു. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് തെന്നിന്ത്യന്‍ സുന്ദരി സൗന്ദര്യ മരിച്ചതും ചലച്ചിത്ര ലോകത്ത് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

ഒരുപതിറ്റാണ്ടു മുന്‍പ് മരിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി വിമാനാപകടത്തില്‍ മരിച്ചതും വടക്കകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചരിത്രത്തില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു.
ആകസ്മികമായി രക്ഷപ്പെട്ടവര്‍
എന്നാല്‍ വ്യോമഅപകടത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവരുമുണ്ട്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രത്യേക വിമാനം 1977 നവംബറില്‍ ആസാമില്‍ തകര്‍ന്നപ്പോള്‍ അദ്ദേഹവും അന്നത്തെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പികെ തുങ്കനും രക്ഷപ്പെട്ടു. .
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും കേന്ദ്രമന്ത്രിമാരായ പൃഥ്വിരാജ് ചൗഹാനും 2004ല്‍ ഗുജറാത്തില്‍ സമാനമായ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 2006 സെപ്തംബറില്‍ ഗുരുദാസ്പൂരില്‍ ടേക്ക് ഓഫ് ചെയ്തയുടന്‍ ഇലക്ട്രിക്കല്‍ വയറുകളില്‍ തട്ടിയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി പ്രതാപ് സിംഗ് ബജ്വയും രക്ഷപ്പെട്ടു.
പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ ഓഗസ്റ്റ് 30 ന് ഫിറോസ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉപാധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയും കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ രാംപൂരിലേക്ക് പോകുമ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തീപ്പിടിച്ച ഉണങ്ങിയ പുല്ലിന് സമീപമാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഉടന്‍ തന്നെ പൈലറ്റ് വീണ്ടും പറന്നുയര്‍ന്ന് സുരക്ഷിത സ്ഥലത്ത് ഇറക്കി.
2001ല്‍ ചുരു ജില്ലയില്‍ ഹെലികോപ്റ്റര്‍ മരത്തില്‍ വീണതിനെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രക്ഷപ്പെട്ടിരുന്നു. ഇന്‍സ്ട്രുമെന്റ് ഫ്ലൈറ്റ് റൂളുകള്‍ക്ക് കീഴിലല്ലാതെ, കോക്ക്പിറ്റില്‍ നിന്ന് കാണാവുന്നവയെ ആശ്രയിച്ച് പ്രവര്‍ത്തിക്കാനുള്ള പൈലറ്റുമാരുടെ പ്രവണതയാണ് മിക്ക ഹെലികോപ്റ്റര്‍ അപകടങ്ങള്‍ക്കും കാരണമെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. അതെ സമയം സമാനതകളില്ലാത്ത കോപ്റ്റര്‍ ദുരന്തത്തിനാണ് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്.















Comments