പാരീസ്: ചൈനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിലാണ് ശക്തമായ നടപടികൾ എടുക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഒളിമ്പിക്സിൽ ഉദ്യോഗസ്ഥരെ അയയ്ക്കുന്നത് വിലക്കിയ ലോകരാജ്യങ്ങളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇമ്മാനുവൽ മാക്രോൺ.
ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലാണ് അമേരിക്കയടക്കം ബഹിഷ്ക്കരണം തീരുമാനിച്ചത്. കായികതാരങ്ങൾക്കൊപ്പം സാധാരണ പോകാറുള്ള സർക്കാർ പ്രതിനിധികളെ അയക്കില്ലെന്നതാണ് ബഹിഷ്ക്കരണത്തിന്റെ സ്വഭാവം. എന്നാൽ ഇത്തരമൊരു നടപടി പ്രഹസനമായി മാറുമെന്ന് മാക്രോൺ ചൂണ്ടിക്കാട്ടി. നയതന്ത്ര ഉദ്യോഗസ്ഥരെ കായികതാരങ്ങൾക്കൊപ്പം അയക്കണമെന്നതാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ ചൈനയ്ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രതിനിധികളെ അയക്കില്ലെന്ന തീരുമാനം എടുത്തത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കാനായിട്ടാണ് പ്രതീകാത്മകമായി ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്ക്കരിക്കുന്നതെന്നും ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇതിനിടെ ബീജിംഗിനെ ബഹിഷ്ക്കരിക്കുന്ന രാജ്യങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയും ചൈന മുഴക്കിയിരുന്നു.
Comments