തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയെ തുടർന്ന് വിദ്യാർഥികൾ സംസ്ഥാനം വിടുന്നു. ഇടതുപക്ഷ സംഘടനകളുടെ കടന്നുകയറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തെ പുറകോട്ടടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ നിന്ന് ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുളള വിദ്യാർഥികളുടെ ഒഴുക്കാണ്. വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി വിടുന്ന ഏജൻസികളുടെ എണ്ണവും വർധിക്കുകയാണ്.
കൊറോണയുടെ സാഹചര്യത്തിലും വിദേശത്തേക്ക് കേരളത്തിൽ നിന്നുളള വിദ്യാർഥികളുടെ ഒഴുക്ക് തുടരുകയാണെന്ന് ഏജൻസികൾ വ്യക്തമാക്കുന്നു. കാനഡ, ബ്രിട്ടൻ, യുഎസ്, അയർലൻഡ്, ജർമനി, ജോർജിയ, യുക്രൈൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിദ്യാർഥികൾ താത്പര്യം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാര താഴ്‌ച്ചയും അമിതമായ രാഷ്ടീയ കടന്നുകയറ്റവുമാണ് വിദ്യാർഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മയും കേരളം വിടാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. വിദേശങ്ങളിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെയാണ് പലരും വിദേശ സർവകലാശാലകളെ ലക്ഷ്യംവയ്‌ക്കുന്നത്.
ഇന്ത്യയിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ വർഷം തോറും വർധനവ് രേഖപ്പെടുത്തുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല നിലവാര തകർച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസവിദഗ്ധർ വ്യക്തമാക്കുന്നു. സർവകലാശാല തലത്തിൽ ഇടതു വിദ്യാർഥി സംഘടനകളുടെയും അദ്ധ്യാപക സംഘടകളുടെയും അമിതമായ ഇടപെടലും കടന്നുകയറ്റമാണ് നമ്മുടെ സർവകലാശാലകളുടെ ഗുണനിലവാരത്തിൽ പതനത്തിലേക്ക് തളളിവിടുന്നത്.
സർവകലാശാലകൾ സിപിഎം നേതാക്കളുടെ ഭാര്യമാരെ തിരുകിക്കയറ്റാനുളള ഇടമാകുന്നു
സർവകലാശാല നിയമനങ്ങളിൽ സിപിഎമിന്റെ നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും യോഗ്യത മറികടന്ന് തിരുകിക്കയറ്റുകയാണ്. മികച്ച അക്കാദമിക് യോഗ്യതയുളളവരെ മറികടന്നാണ് ഇവരെ നിയമിക്കുന്നത്. ഫലത്തിൽ യോഗ്യരായവർ അക്കാദമിക് സമൂഹത്തിൽ നിന്ന് പുറത്താവുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൂല്യശോഷണത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. മികച്ച ഗവേഷകരേയോ, പ്രബന്ധങ്ങളോ അക്കാദമിക് സമൂഹത്തിന് സൃഷ്ടിക്കാനുവുന്നില്ലെന്നതാണ് ഇതിന്റെ അനന്തര ഫലം.
സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയും പഴയ എസ്എഫ്‌ഐ നേതാവുമായ നനിത കണിച്ചേരിയെ കാലടി സംസ്‌കൃത സർവകലാശാലയിൽ മറ്റു യോഗ്യരായ ഉദ്യോഗാർഥികളെ മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് വിവാദമായിരുന്നു. നിരവധി അക്കാദമിക് യോഗ്യതയുളളവരെ ഒഴിവാക്കിയാണ് നനിത കണിച്ചേരിയെ നിയമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഉയർത്തിയ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അസോസിയേറ്റ് പ്രൊഫസർക്ക് എട്ട് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ പ്രിയക്ക് വെറും നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുളളതെന്ന് സേവ് യൂണിവ്‌ഴ്‌സിറ്റി ഫോറം ആരോപിക്കുന്നത്. ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്‌കറിയ ഏറെ പരിചയസമ്പന്നനാണ്. 27 വർഷമായി അദ്ധ്യാപകൻ ആണ് അദ്ദേഹം. 14 വർഷത്തോളം അസിസ്റ്റന്റ് പ്രൊഫസറാണ്. കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ മറികടന്നാണ് കെ കെ രാഗേഷിന്റെ ഭാര്യയെ നിയമിച്ചത്.
ആലത്തൂർ എംപിയായിരുന്ന പി കെ ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന്റെ കേരള സർവകലാശാലയിലെ അസി. പ്രൊഫസർ നിയമനവും വിവാദം സൃഷ്ടിച്ചിരുന്നു. നിയമനം നേടാൻ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയൻ സമർപ്പിച്ച ഗവേഷണ പ്രബന്ധം ഡാറ്റാ മോഷണത്തിലൂടെ തയ്യാറാക്കിയതെന്ന പരാതി ഉയർന്നിരുന്നു. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ, കേരള സർവകലാശാല വിസി എന്നിവർക്ക് പരാതിയും നൽകിയിരുന്നു.
2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 പേർ മാത്രം അപേക്ഷിച്ച സംവരണ തസ്തികയിൽ ജോലി കിട്ടാത്ത ബിജുവിന്റെ ഭാര്യയ്‌ക്ക് 2020ൽ ജോലി കിട്ടി. പിണറായി സർക്കാരിന്റെ കാലത്ത് 140 അപേക്ഷകരിൽ നിന്നാണ് ഒന്നാമതായി വിജി വിജയൻ ജനറൽ ലിസ്റ്റിൽ ഇടംപിടിച്ചത്. ബിജുവിന്റെ ഭാര്യയെ നിയമിക്കാൻ ഉന്നതവിദ്യാഭ്യാസമുളളവരെ തഴഞ്ഞുവെന്നും ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു.
കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ ഭാര്യ ഷെഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം അനധികൃതമാണെന്ന് കണ്ടാണ് കോടതി നടപടി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്‌ക്ക് നിയമനം നൽകിയതെന്നും കോടതി കണ്ടെത്തിയിരുന്നു. ഷെഹലയുടെ നിയമനത്തിനായി വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാട്ടി റാങ്ക്പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം.പി ബിന്ദു നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ ക്ഷണിച്ചുള്ള വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം എന്നായിരുന്നു ബിന്ദുവിന്റെ പരാതി. വ്യവസായമന്ത്രി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിൻ സർവകലാശാല ലീഗ് ഓഫ് തോട്ടിൽ ഡയറക്ടറായി നിയമിച്ചതും പിൻവാതിലിലൂടെയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ നേരത്തേ സീനിയോറിറ്റി മറികടന്ന് തൃശൂർ ശ്രീ കേരളവർമ കോളേജ് പ്രിൻസിപ്പാൾ ആയി നിയമിച്ചത് സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സിപിഎം ആക്ടിങ് സെക്രട്ടറിയുമായിരുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ആർ ബിന്ദു.
ഗവർണറുടെ ഇടപെടൽ
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗവർണർ സർവകലാശാലയിലെ അനധികൃത നിയമനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെ അതൃപ്തി അറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിതമായ കൈക്കടത്തലിനെതിരെ ഗവർണർ ആരിഫ് മുഹമദ് ഖാൻ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. സർവകലാശാലകളിൽ അസാധാരണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഗവർണറുടെ നടപടി വ്യക്തമാക്കുന്നു. സർവകലാശാലകളിലെ സർക്കാർ ഇടപെടലിനെതിരെ സർവകലാശാലകളിൽ നിയമം വിട്ട് നടക്കുന്ന ബന്ധുനിയമനത്തിലും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സർവകലാശാലയിൽ ബന്ധുനിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്.
കാലടി സർവകലാശാല നിയമനത്തിന് ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണ്ണ ലംഘനമാണ്. വി.സി.നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ച് യൂണിവേഴ്സിറ്റികളുടെ പ്രവർത്തനം നടക്കുന്നുവെന്നും ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ പദവിയിൽ ഇരിക്കുന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. സർവകലാശാല ചട്ട പ്രകാരമാണ് ഗവർണർ ചാൻസിലർ ആകുന്നത്.
ഭരണഘടന പദവി അല്ലാത്തതിനാൽ പദവി ഒഴിയാൻ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തുടർച്ചയായി ഉണ്ടാകുന്ന രാഷ്‌ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണ്. സർവകലാശാലകൾ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാൻ കഴിയാവുന്നത്ര ശ്രമിച്ചു.
രാഷ്‌ട്രീയ ഇടപെടൽ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടർന്ന്‌പോകാൻ കഴിയില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പക്ഷം. ചാൻസിലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളിൽ നിയമിക്കുന്നു. ഇതൊക്കെ കൊണ്ട് മങ്ങലേൽക്കുന്നത് കേരളത്തിലെ സർവകലാശാലകളുടെ യശസ്സിനാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Comments