കൽപ്പറ്റ: സ്ത്രീപുരുഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളതെന്ന് വയനാട്ടിലെ മുൻ യൂത്ത് ലീഗ് നേതാവ് പിപി ഷൈജൽ. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം പാപികളായി കാണുന്ന നേതാക്കളാണ് ലീഗിലുള്ളത്. ഹരിതയിലെ മുൻ നേതാക്കളെ അപമാനിച്ചയാൾ ഇപ്പോഴും പാർട്ടിയിൽ തുടരുന്നത് സ്ത്രീകളുടെ രാഷ്‌ട്രീയ പ്രവർത്തനത്തെ മാനിക്കാത്തതിന് ഉത്തമ ഉദാഹരണമാണെന്ന് ഷൈജൽ പറഞ്ഞു.
സ്ത്രീപുരുഷ സമത്വത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവരെയൊക്കെ പാപികളായി മുദ്രകുത്തുകയാണ് ചെയ്യുക. തനിക്കെതിരെ നടന്നതും അത്തരം രീതികളായിരുന്നു. ഹരിത വിഷയത്തിൽ തനിക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞു. സ്ത്രീകൾക്ക് രാഷ്‌ട്രീയ അവകാശങ്ങൾ ഉണ്ടെന്ന് പാർട്ടിയ്‌ക്കകത്ത് ആരെങ്കിലും സംസാരിച്ചാൽ അവരെ ഒറ്റപ്പെടുത്തി നടപടിയെടുക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ഷൈജൽ കുറ്റപ്പെടുത്തി.
തീവ്ര യഥാസ്ഥിതിക നിലപാട് പുലർത്തുന്നവരെ ഇതിനായി കൂട്ടുപിടിക്കുകയാണ് ചില നേതാക്കൾ. ആത്മാഭിമാനമുള്ളതിനാലാണ് ഹരിതയിലെ പെൺകുട്ടികൾ വനിതാ കമ്മീഷനെ സമീപിച്ചത്. സ്ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനമൊക്കെ അനിവാര്യമായ കാലഘട്ടത്തിൽ ഹരിത വിഷത്തിൽ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട് വലിയ മണ്ടത്തരമായി വരും കാലത്ത് വിലയിരുത്തുമെന്നും ഷൈജൽ പറഞ്ഞു.
ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച് ഷൈജൽ എത്തിയിരുന്നു. പിന്നാലെ ഷൈജലിനെ ലീഗ് നേതൃത്വം പുറത്താക്കുകയായിരുന്നു. മുൻ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് വയനാട് ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്നു ഷൈജൽ. വയനാട്ടിലെ പ്രളയഫണ്ട് വെട്ടിപ്പിലും ഷൈജൽ ലീഗിനെ പരസ്യമായി വിമർശിച്ചിരുന്നു.
















Comments