ന്യൂഡൽഹി: സർവ്വകലാശാലകളിലെ രാഷ്‌ട്രീയ നിയമന വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ മുൻനിർത്തി അനധികൃത നിയമനങ്ങൾ നടത്തേണ്ട. സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കുന്നതിന് കൂട്ട് നിൽക്കില്ലെന്നും ഗവർണർ പറഞ്ഞു.
ചാൻസിലർ സ്ഥാനം റദ്ദാക്കി സർക്കാരിന് ഓർഡിനൻസ് ഇറക്കാം. ഏറ്റുമുട്ടൽ വേണ്ടത്തത് കൊണ്ടാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് പരിപൂർണ്ണ ഉറപ്പ് ലഭിക്കണം. അല്ലാത്തപക്ഷം ചാൻസിലർ പദവി ഒഴിയുമെന്ന തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമല്ല ചാൻസിലർ പദവി. സർക്കാർ ഏൽപ്പിച്ചുതന്ന പദവിയാണിത്. നിയമഭേദഗതി നടത്തി മുഖ്യമന്ത്രി തന്നെ ചാൻസിലർ പദവി ഏറ്റെടുത്തോട്ടേ. സംഭാഷണങ്ങൾ കൊണ്ട് കാര്യമില്ല. രാഷ്‌ട്രീയ ഇടപെടൽ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു. സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Comments