തിരുവനന്തപുരം : സർവ്വകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ബന്ധു നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നിലപാട് വ്യക്തമാകാത്ത ആളല്ല ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒട്ടേറെ ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഇതിനെ സർക്കാർ എങ്ങിനെയെന്ന് കാണുന്നതെന്ന് വിശദമാക്കാനാണ് ഇന്നത്തെ പത്രസമ്മേളനമെന്നുള്ള മുഖവുരയോടെയാണ് മുഖ്യമന്ത്രി പ്രതികരണം ആരംഭിച്ചത്.
ചാൻസലർ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ ഖേദകരമാണ്. ഇത്തരം പ്രതികരണങ്ങൾ ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ല. ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഇനി അങ്ങോട്ട് ശ്രമിക്കുകയുമില്ല. സർവ്വകലാശാലകളിലെ നിയമനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ആണെന്ന വാദം ശരിയല്ല. സർക്കാർ അഭിപ്രായം അറിയിക്കും. അത് സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ഉചിതമായ തീരുമാനം എടുക്കുക അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ സ്വാതന്ത്ര്യം ഗവർണർക്കുണ്ട്. വിമർശനം ഭയന്ന് തീരുമാനങ്ങൾ എടുക്കാതെ ഇരുന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ കുറ്റമല്ലെന്നും പിണറായി വ്യക്തമാക്കി.
ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാറാണ് പതിവ്. ചർച്ച ചെയ്യുമ്പോൾ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഗവർണർ തനിക്കയച്ച കത്ത് തെറ്റിദ്ധാരണ വരുത്തും വിധം മാദ്ധ്യമങ്ങളിൽ വാർത്തകൾ വരികയാണ്. ഡിസംബർ എട്ടിനാണ് ഗവർണർ ചില കാര്യങ്ങൾ സൂചിപ്പിച്ച് കത്ത് അയച്ചത്. അതിന് അദ്ദേഹത്തിന് കൃത്യമായ രീതിയിൽ മറുപടിയും നൽകി. മനസ്സാക്ഷിയ്ക്ക് വിരുദ്ധമായി ഗവർണർ തീരുമാനമെടുക്കണമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കത്ത് ലഭിച്ചതിന് പിന്നാലെ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി, അഡീ ചീഫ് സെക്രട്ടറി എന്നിവർ പോയാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതിന് ശേഷം ധനമന്ത്രിയും ഗവർണറെ കണ്ടു. ഗവർണറോട് താൻ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഗവർണറെ ഏതെങ്കിലും തരത്തിൻ ബഹുമാനിക്കാത്ത സമീപനം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പൗരത്വ വിഷയത്തിൽ പ്രമേയം വന്നപ്പോൾ ഗവർണർ അതിനെ പരസ്യമായി വിമർശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുമായി ഏറ്റുമുട്ടുന്ന നയം സർക്കാരിനില്ല. ഗവർണറുമായി ചേർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്തെ പ്രകടന പത്രികയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട് . ഇപ്പോൾ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച് ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്ന് ഗവർണർക്കും അറിയാം. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഗവർണർക്കും സർക്കാരിനും ഒരേ അഭിപ്രായമാണുള്ളത്. മേഖലയിൽ എല്ലാം തികഞ്ഞെന്ന അഭിപ്രായം സർക്കാരിനില്ലെന്നും പിണറായി വ്യക്തമാക്കി. പ്രകടനപത്രികയിലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെ ഭാഗവും അദ്ദേഹം വായിച്ചു.
Comments