വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ബിജെപി അധികാരത്തിലുള്ള 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. വാരണാസി സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി സദ്ഗുരു സദാഫല്ദിയോ വിഹാംഗം യോഗ് സൻസ്ഥാന്റെ 98ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും.
വാരണാസിയിലെ സ്വർവേദ് വഹാമന്ദിരത്തിൽ വെച്ചാണ് സദ്ഗുരു സദാഫല്ദിയോ വിഹാംഗം യോഗ് സൻസ്ഥാന്റെ 98ാം വാർഷിക ആഘോഷം നടക്കുന്നത്. ഇന്ന് വൈകിട്ട് 3.30ന് ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തുടർന്നാണ് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കൂടാതെ, ബിഹാർ, നാഗാലാൻഡ് ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളെ കുറിച്ചും, ഭരണപരമായ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രിമാർ ചർച്ച ചെയ്യും. ഇതിന് ശേഷം മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി, കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാ നദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി രാജ്യത്തിന് സമർപ്പിച്ചു. രാവിലെ വാരണാസിയിൽ എത്തിയ പ്രധാനമന്ത്രിയെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഗവർണർ ആനന്ദി ബെൻപട്ടേലും ചേർന്ന് സ്വീകരിച്ചു. കാലഭൈരവ ക്ഷേത്ര ദർശനത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയ്ക്ക് ജീവൻ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച നിർമ്മാണ തൊഴിലാളികളേയും ആദരിച്ചു. ഓരോ തൊഴിലാളികളുടേയും അടുത്ത് ചെന്ന് പുഷ്പവൃഷ്ടി നടത്തുകയും കൂടെ ഇരുന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ലളിത് ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് കാശി-വിശ്വനാഥ ഇടനാഴി. 399 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്. വാരണാസിയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതിയ്ക്ക് 2019 ലാണ് തുടക്കം കുറിച്ചത്.
Comments