ബംഗളൂരു : പോപ്പുലർഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്ലാമയതിനാൽ പോലീസ് പോപ്പുലർഫ്രണ്ട് നേതാക്കളെ മനപ്പൂർവ്വം വേട്ടയാടപ്പെടുകയാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള സന്ദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇക്കാര്യം നിയമസഭയിൽ കോൺഗ്രസ് എംഎൽഎ യുടി ഖാദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കൂടിയാണ് അരഗ ജ്ഞാനേന്ദ്ര കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
നിലവിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും, ഇതിനായുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചിരിക്കുന്നുണ്ടെന്നുമായിരുന്നു ഖാദർ നിയമസഭയിൽ പറഞ്ഞത്. ഇത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം ഉണ്ടായതായി അരഗ ജ്ഞാനേന്ദ്രപറഞ്ഞു. ചില രാജ്യവിരുദ്ധ ശക്തികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പോലീസ് തക്കതായ നടപടി സ്വീകരിക്കും. സമാധാനത്തെ തകർക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ അക്രമം അഴിച്ചുവിടാൻ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് സമൂഹമാദ്ധ്യമങ്ങൾ ആയുധമാക്കുന്നത്.
ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് മുൻപിൽ തടച്ചുകൂടിയ പ്രതിഷേധക്കാർ നിസ്‌കരിച്ച് പ്രതിഷേധിക്കാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽ പോലീസ് ഇവരെ അടിച്ചോടിക്കുകയായിരുന്നു.
















Comments