ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനികൾക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനികളുടെ പരാതിയിലാണ് പോലീസ് നടപടി.
വാട്സ് ആപ്പിലൂടെയാണ് ഇയാൾ വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം അയച്ചത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച വിദ്യാർത്ഥിനി വിവരം കൂട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് ഇയാൾ എല്ലാ വിദ്യാർത്ഥിനികൾക്കും ഇത്തരത്തിൽ അശ്ലീല സന്ദേശം അയക്കാറുള്ളതായി വ്യക്തമായത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
രാത്രികാലങ്ങളിലാണ് അർഷാദ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് മോശം സന്ദേശങ്ങൾ അയക്കുന്നത്. തന്നെ കാമുകൻ ആക്കാമോ, വിവാഹം കഴിക്കാമോ, നമുക്ക് പരസ്പരം ഇഴുകി ചേരാം തുടങ്ങിയ തരത്തിലാണ് ഇയാൾ വിദ്യാർത്ഥികൾക്ക് സന്ദേശങ്ങൾ അയക്കാറ്. ഇതിനെ എതിർത്ത് വിദ്യാർത്ഥികൾ സംസാരിക്കുമ്പോൾ തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്താണ് അർഷാദിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം അദ്ധ്യാപകനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Comments