ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാൻ മന്ത്രി കത്തയച്ചതിനെ തുടർന്നാണ് വിമർശനം. മന്ത്രിയ്‌ക്ക് തനിക്ക് നേരിട്ട് കത്തെഴുതാൻ അനുവാദമില്ല. സേർച്ച് കമ്മിറ്റിയ്‌ക്കാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. തന്റെ ജോലി മന്ത്രിയ്ക്ക് മറുപടി നൽകുന്നതല്ലെന്നും ഗവർണർ പറഞ്ഞു.
വിസി നിയമന കാര്യത്തിൽ രാഷ്‌ട്രീയമുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ചാൻസിലർ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ല. വിസി നിയമനത്തിൽ ഒപ്പുവെച്ചത് സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ്. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്ക് അറിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ല. കോടതിയിൽ നിന്നും വന്ന നോട്ടീസ് താൻ വായിച്ചില്ലെന്നും ഗവർണർ വ്യക്തമാക്കി.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥിന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രായപരിധി അടക്കമുള്ള വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് വിസി നിയമനത്തിൽ ഒപ്പുവെച്ചതെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
Comments