ഗുരുവായൂരപ്പനെ ഇഷ്ടം ; ഥാർ ലേലത്തിൽ സ്വന്തമാക്കി അമൽ മുഹമ്മദ്

Published by
Janam Web Desk

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലത്തിൽ സ്വന്തമാക്കി എറണാകുളം സ്വദേശി അമൽ മുഹമ്മദ്. 15,10,000 രൂപയ്‌ക്കാണ് ലേലം ഉറപ്പിച്ചത്. ഗുരുവായൂരപ്പന്റെ ഭക്തനാണ് അമൽ മുഹമ്മദ്.

വൈകീട്ട് മൂന്ന് മണിയ്‌ക്കായിരുന്നു ലേലം ആരംഭിച്ചത്. അമൽ മുഹമ്മദിനായി സുഹൃത്ത് സുഭാഷ് പണിക്കരാണ് ക്ഷേത്രത്തിൽ എത്തി ലേലത്തിൽ പങ്കെടുത്തത്. 15 ലക്ഷം രൂപയാണ് ഥാറിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ലേലം നടന്നത്.

21 കാരനായ മകന് സമ്മാനം നൽകുന്നതിനാണ് അമൽ മുഹമ്മദ് ഥാർ ലേലത്തിൽ സ്വന്തമാക്കിയത്. അദ്ദഹം കുടുംബവുമൊത്ത് വർഷങ്ങളായി ബഹറിനിലാണ്. സുഭാഷ് ആണ് ലേല വിവരം അദ്ദേഹത്തെ അറിയിച്ചത്.

ഗുരുവായൂരപ്പന്റെ അകമഴിഞ്ഞ ഭക്തനാണ് അമൽ മുഹമ്മദെന്ന് ലേലത്തിൽ പങ്കെടുത്ത സുഭാഷ് പണിക്കർ പറഞ്ഞു. മുഹമ്മദ് തന്റെ അടുത്ത സുഹൃത്താണ്. ഥാർ ലേലം ചെയ്യുന്ന വിവരം താനാണ് അറിയിച്ചത്. ഭഗവാന്റേത് ആയതിനാൽ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന് ആയിരുന്നു മുഹമ്മദ് നൽകിയ നിർദ്ദേശം. ഗുരുവായൂരപ്പനെ മുഹമ്മദിന് വലിയ ഇഷ്ടമാമെന്നും സുഭാഷ് പണിക്കർ വ്യക്തമാക്കി.

അതേസമയം ഥാർ അമലിന് നൽകുന്നത് വിശദമായി ആലോചിച്ച ശേഷമായിരിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ പ്രതികരിച്ചു. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷൻ എസ് യുവി ഥാർ സമർപ്പിച്ചത്.

Share
Leave a Comment