ഝാൻസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ഇൻസ്വിങ്ങറുകളും’ ‘ഔട്ട്സ്വിങ്ങറുകളും’ നേരിടാൻ എതിരാളികൾക്ക് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യോഗി ആദിത്യനാഥിന്റെ പ്രകടനത്തെ ക്രിക്കറ്റുമായാണ് രാജ്നാഥ് സിംഗ് സാമ്യപ്പെടുത്തിയത്. ആദിത്യനാഥിനെ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ജൻ വിശ്വാസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. കുറ്റവാളികളുടെ മനസ്സിൽ ഭയം നിറയ്ക്കുന്ന രണ്ട് അക്ഷരങ്ങളുള്ള പേരാണ് യോഗി. ആദിത്യനാഥ് പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു ഓൾ റൗണ്ടറാണ്. അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയും, ബൗൾ ചെയ്യുമ്പോൾ സ്റ്റമ്പുകൾ പിഴുതെറിയാനും സാധിക്കും. എസ്പി, ബിഎസ്പി അല്ലെങ്കിൽ കോൺഗ്രസ് എതിരാളികൾ ആരുമാവട്ടെ അദ്ദേഹത്തിന്റെ ഇൻസ്വിങ്ങറും ഔട്ട്സ്വിങ്ങറും നേരിടാൻ ആർക്കും കഴിയുന്നില്ല.
യുഎസ്, റഷ്യ, ചൈന, യുകെ തുടങ്ങിയ വികസിത രാജ്യങ്ങൾ പോലും ഇന്ത്യയെപ്പോലെ കൊറോണയെ നേരിടുന്നതിൽ വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്താനാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. പാകിസ്താൻ രാജ്യത്തെ തകർക്കാനും ദുർബലപ്പെടുത്താനും ശ്രമിക്കുന്നു. അവരുടെ മണ്ണിൽ നിന്ന് തീവ്രവാദികളെ അയയ്ക്കുന്നു. ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്തുന്നു. നമ്മൾ അതിന് തക്കതായ മറുപടി നൽകാൻ തീരുമാനിച്ചു. ഇപ്പോൾ അത് നൽകുകയും ചെയ്യുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Comments