എടക്കര:ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ശേഖരം പോലീസ് പിടികൂടി. മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസൽ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടിൽ നിന്നാണ് ഗോഡൗൺ കണക്കെ സൂക്ഷിച്ച 19 ചാക്ക് ഹാൻസ് പിടികൂടിയത്.
മാർക്കറ്റിൽ ഏഴര ലക്ഷം രൂപ വില വരുന്ന 14,250 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്.വീട്ടിൽ കൂട്ടിയിട്ട ചാക്കിൽ ജൈവവളമെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
പ്രതി ഫൈസൽ ബാബു വൻ തോതിൽ ഹാൻസ് സംഭരിച്ച് വൻ ലാഭത്തിനാണ് ചില്ലറ വിതരണക്കാർക്ക് വിറ്റിരുന്നത്. വീട്ടിൽ സൂക്ഷിച്ച ഹാൻസ് രാത്രിയിൽ രഹസ്യമായി സ്വന്തം സ്‌കൂട്ടറിൽ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പതിവ്.
വർഷങ്ങളായി വിൽപ്പന നടത്തുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് പിടിക്കപ്പെട്ടത്. നിലമ്പൂർ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് പ്രതി വീടിനോട് ചേർന്ന് പുകയില ഉത്പന്നങ്ങൾ ഷെഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോൾ ബാബു ഹാൻസ് വിതരണത്തിനായി പുറത്ത് പോയതായിരുന്നത് കാരണം പിടികൂടാനായിട്ടില്ല.















