ഗാന്ധിനഗർ: വളർത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. നിതാബെൻ സർവൈയ എന്ന 35കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. നിതാബെൻ തന്റെ വളർത്തുനായക്ക് സോനു എന്ന് പേരിട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്.
നിതാബെന്നിന്റെ അയൽവാസി സുരാഭായിയുടെ ഇരട്ടപ്പേരാണ് സോനു എന്നത്. തന്റെ ഇരട്ടപ്പേര് നായയ്ക്ക് ഇട്ടതിൽ പ്രകോപിതയായ സുരാഭായിയും കൂട്ടാളികളും ചേർന്ന് നിതാബെന്നിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും ആക്രമിക്കുകയുമായിരുന്നു. അക്രമ സമയത്ത് നിതാബെന്നും ഇളയമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുരാഭായി തന്നെ ചീത്ത വിളിച്ചെന്നും താൻ അവരെ അവഗണിക്കുക മാത്രമാണ് ചെയ്തതെന്നും നിതാബെൻ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സുരാഭായിയുടെ കൂടെ വന്നവരിലൊരാൾ തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിന്നാലെ തീയിട്ടെന്നും നിതാബെൻ പറഞ്ഞു. നിതാബെന്നിന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാരും ഭർത്താവുമാണ് തീ അണച്ചത്. ഉടൻ തന്നെ നിതാബെന്നിനെ ആശുപത്രിയിലെത്തിക്കുകയായികുന്നു. മനഃപ്പൂർവ്വമാണ് നായയ്ക്ക് സോനു എന്ന് പേരിട്ടതെന്ന് സുരഭായി പോലീസിനോട് പറഞ്ഞു.
നിതാബെന്നും സുരാഭായിയും വർഷങ്ങളായി തർക്കത്തിലാണ്. പലപ്പോഴും പോലീസെത്തിയാണ് അവരുടെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നത്. ഇപ്പോഴുണ്ടായ സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നിതാബെന്നിന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടെന്നും പോലീസ് അറിയിച്ചു.
Comments