പാലക്കാട്: പാലക്കാട് വാളയാറിൽ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. രണ്ടു കേസുകളിലായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെയാണ് അറസ്റ്റിലായത്. എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങുന്നത്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കാറിന്റ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 44 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് തൃശ്ശൂർ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുക്കരയിൽ ആർ.വിഷ്ണു ചന്ദ്രനിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്തുമസ്- പുതുവത്സര നിശാപാർട്ടി ലക്ഷ്യമിട്ടാണ് ഇവ കൊണ്ടു പോയിരുന്നതെന്നും പ്രതി മൊഴി നൽകി.
എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ പരിശോധനയിലാണ് സ്വകാര്യ ബസിൽ കടത്തിയ 40 ഗ്രാം എംഎഡിഎംഎയുമായി കൊച്ചി കണയന്നൂർ മണക്കുന്നം ഉദയംപേരൂർ സ്വദേശി ഷെലിൻ എസ് .കരുണിനെ (27) അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് വിമാനത്താവളം വഴി കോയമ്പത്തൂരിലെത്തിച്ച ലഹരി മരുന്നാണ് പിന്നീട് ബസിൽ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് പ്രതി പറഞ്ഞു.
Comments