ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ട 5 പേരെയാണ് ഡൽഹി പാട്യാല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഡൽഹി സ്വദേശികളായ അമിത് കല, അശ്വിൻ, അമിത്, നിശാന്ത്, സന്ദീപ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കർഷക സമരവുമായി ബന്ധപ്പെട്ട് നടന്ന ലഖിംപൂർ സംഘർഷത്തിന്റെ വീഡിയോ തങ്ങളുടെ വൈകശമുണ്ടെന്നും പണം നൽകിയില്ലെങ്കിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കേന്ദ്ര മന്ത്രിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണിലൂടെയായിരുന്നു ബ്ലാക്ക് മെയിലിംഗ്.
കഴിഞ്ഞ 17 നായിരുന്നു സംഭവം. തുടർന്ന് അജയ് മിശ്ര പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 5 പേരെ പിടികൂടിയത്. കേന്ദ്ര മന്ത്രിയെ ബന്ധപ്പെടാൻ ഉപയോഗിച്ച ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Comments