കോട്ടയം: തലയോലപ്പറമ്പ് കുറുപ്പുന്തറയിൽ കളപ്പുരയ്ക്കൽ കെ,എസ് ബിന്ദുവിന്റെ മകൾ നിതിനമോൾ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതി അഭിഷേക് പ്രണയ കൊലപാതകത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ ആവർത്തിച്ച് കണ്ടിരുന്നതായി പോലീസിന്റ കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്.
ഒക്ടോബർ ഒന്നിന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. മുൻകാമുകനുമായി നിതിനമോൾ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കഴുത്തറക്കാനായി അഭിഷേക് ഒരാഴ്ച്ചത്തെ ഒരുക്കം നടത്തി. സംഭവത്തിൽ നൂറിലേറെ പേരുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. 80 പേരെ കേസിൽ സാക്ഷികളാക്കി. ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിതിനമോളെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബിവോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി കോഴ്സിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. അവസാന വർഷ പരീക്ഷയെഴുതാനായാണ് നിതിന കോളേജിലെത്തിയത്. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന അന്ന് തന്നെ പ്രതിയായ അഭിഷേകിനെ കസ്റ്റഡിയിലെടുത്തിരുന്നു.
Comments