പാലക്കാട്: ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ആരും അതിരുകൾ വെയ്ക്കാറില്ല. എന്നാൽ ചിലർ മാത്രമെ ആഗ്രഹങ്ങൾ നേടുകയുള്ളൂ. ചിലർ കഷ്ടപ്പാടുകൾ ഓർത്ത് ആഗ്രഹങ്ങളെ നിഷ്കരുണം തള്ളിക്കളയും. പ്രതിസന്ധികളെ തരണം ചെയ്ത് ആഗ്രഹങ്ങൾ നേടിയെടുക്കുന്നവർ എക്കാലത്തും വാഴ്ത്തപ്പെടും. അത്തരത്തിലൊരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറുപ്പക്കാർ പോലും പേടിച്ച് മാറി നിൽക്കുന്ന സിപ്പ് ലൈനിൽ അനായാസം പറക്കുകയാണ് പാലാക്കാട്ടുകാരിയായ ഈ മുത്തശ്ശി.
ഒരുപക്ഷെ സാരിയുടുത്ത് സിപ്പ് ലൈനിംഗ് ചെയ്യുന്നത് ഇതാദ്യമായിരിക്കും. യാതൊരു പേടിയോ ഇല്ലാതെ ചിരിച്ചുകൊണ്ട് സിപ്പ് ലൈനിലൂടെ തൂങ്ങി പോകുന്ന മുത്തശ്ശിയെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. യാത്രികൻ-200(yathrikan-200) എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പാർക്കിൽ എത്തിയ പാറു അമ്മയ്ക്ക് സിപ്പ് ലൈനിംഗ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മനസിലാക്കിയപ്പോൾ ആ ആഗ്രഹം കയ്യോടെ സാധിച്ചു കൊടുക്കുകയായിരുന്നു.
‘ഇത് പാറു അമ്മ, 72 വയസ് മുപ്പതി പാർക്കിൽ വന്നപ്പോ സിപ്പ് ലൈൻ ചെയ്യാൻ ഒരു ആഗ്രഹം. പിന്നെ ഒന്നും നോക്കില്ല ഞാൻ അത് അങ്ങ് സാധിച്ചു കൊടുത്തു’ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമർ കുറിച്ചു. തനിക്ക് ഒരു പേടിയുമില്ലെന്ന് പാറുവമ്മ വീഡിയോയിൽ പറയുന്നത് കേൾക്കാം. പാലക്കാട് പോത്തുണ്ടിയിലാണ് ഈ പാർക്കുള്ളത്. സാഹസിക സഞ്ചാരികളെ ലക്ഷ്യുള്ളതാണ് ഈ പാർക്ക്.
Comments