തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിക്കാനാണ് തീരുമാനം. വീടുകൾ കയറിയുള്ള പ്രചാരണത്തിനും പിണറായി വിജയൻ നേരിട്ടിറങ്ങുമെന്ന് സിപിഎം വ്യക്തമാക്കി.
2022 ജനുവരി 4 മുതൽ പരിപാടി ആരംഭിക്കും. 14 ജില്ലകളിലേയും സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കിക്കൊടുക്കും. ഇതിലൂടെ ജനങ്ങളുടെ എതിർപ്പികൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
ജനങ്ങളെ കയ്യിലെടുക്കാൻ ഭവന സന്ദർശനം നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ലഘുലേഖകളും വിതരണം ചെയ്യും. കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ആര് എതിർത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതി വേണ്ടന്ന മുഷ്‌ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ല. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കുമെന്നും അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്‌ക്ക് വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്തെ രണ്ടാക്കി മുറിക്കുന്ന കെ റെയിലിനെതിരെ മുന്നോട്ട് പോകാനാണ് ജനങ്ങളുടെ തീരുമാനം.
















Comments