മകരവിളക്കിന് അയ്യനെ കാണണം; ബദരീനാഥിൽ നിന്ന് കാൽനടയായി ശബരിമലയിലേക്ക്; 3800 കിലോമീറ്റർ കടന്ന് മൂവർ സംഘം സന്നിധാനത്തേക്ക്

Published by
Janam Web Desk

കാസർകോട് : പാതയിലെ കല്ലും മുള്ളും പൂവുകളാക്കി ഇക്കുറിയും കാസർകോട്ടുനിന്നുള്ള മൂവർ സംഘം അയ്യന്റെ അരികിലേക്ക്. ബദ്രീനാഥിൽ നിന്നും കെട്ടുനിറച്ച് യാത്ര ആരംഭിച്ച സംഘം മൈലുകൾ താണ്ടികേരളത്തിൽ എത്തി. കാസർകോട് കുട്‌ലു സ്വദേശികളായ സനത് കുമാർ നായക്, സമ്പത്‌ഷെട്ടി, പ്രശാന്ത് എന്നിവരാണ് മലചവിട്ടുന്നത്.

തുടർച്ചയായ 15ാം വർഷമാണ് ഇവർ ശബരിമലയിലേക്ക് കാൽനടയായി എത്തുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ശബരീശ സന്നിധിയിലേക്കുള്ള ഇവരുടെ യാത്ര. രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ കെട്ടുനിറയ്‌ക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഹൊറനാട് അന്നപൂർണേശ്വരി ക്ഷേത്രം, ഗോകർണം എന്നീ ക്ഷേത്രങ്ങളിൽ നിന്നെല്ലാം ഇവർ കെട്ടുനിറച്ച് മല ചവിട്ടിയിട്ടുണ്ട്.

സെപ്തംബർ മൂന്നിനാണ് മൂന്ന് പേരും ബദ്രീനാഥിൽ നിന്നും ഇരുമുടിക്കെട്ടുമായി യാത്ര ആരംഭിച്ചത്. ഋഷികേശ്, ഹരിദ്വാർ,വൃന്ദാവൻ, മഥുര, ഉജ്ജയിനി, ഷിരാഡി, കോലാപൂർ, ഗോകർണം, മുരഡേശ്വർ, ഉഡുപ്പി എന്നീ സ്ഥലങ്ങൾ വഴിയാണ് കേരളത്തിലേക്ക് കടന്നത്. സ്വദേശമായ കാസർകോട് എത്തിയപ്പോഴേക്കും 3,200 കിലോ മീറ്ററാണ് ഇവർ താണ്ടിയത്. ശബരിമലയിൽ എത്തുമ്പോഴേക്കും അയ്യപ്പൻമാർ 3800 കിലോമീറ്ററായിരിക്കും സഞ്ചരിച്ചിട്ടുണ്ടാകുക.

കാൽനട യാത്രയ്‌ക്കും ഇവർക്ക് സമയക്രമം ഉണ്ട്. പുലർച്ചെ മൂന്നരയ്‌ക്ക് ആരംഭിക്കുന്ന ഇവരുടെ യാത്ര വെയിൽ കഠിനമാകുന്നതിന് മുൻപേ ഏതെങ്കിലും ക്ഷേത്രത്തിൽ അവസാനിപ്പിക്കും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് നാല് മണിയ്‌ക്ക് വീണ്ടും യാത്ര തുടരും. രാത്രിയും ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ തങ്ങും. രാത്രി ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടരും.

മകര വിളക്ക് ദിനത്തിൽ അയ്യപ്പ ദർശനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ജനുവരി 14 നാണ് മകരവിളക്ക്. അപ്പോഴേക്കും അയ്യന്റെ സന്നിധിയിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Share
Leave a Comment