കോട്ടകൾ പൊതുവെ പ്രൗഡിയുടെയും അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണ്.
ധീരയോദ്ധാക്കളുടെ സ്മരണകൾ ഉറങ്ങുന്ന കോട്ടകൾ സന്ദർശിക്കുമ്പോൾ നമ്മളിലുണ്ടാക്കുന്നത് ആത്മവിശ്വാസവും ധൈര്യവും തന്നെ. എന്നാൽ നമ്മുടെ രാജ്യത്ത് ചില കോട്ടകളുണ്ട്.. നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നതും ഭയം ജനിപ്പിക്കുന്നതുമായ കോട്ടകൾ… ഈ നിർമ്മിതികളുടെ സമീപത്തുകൂടെ സഞ്ചരിക്കാൻ പോലും ഏതു ധൈര്യശാലിയും ഒന്ന് ഭയപ്പെടും… അറിയാം ഇന്ത്യയിലെ ഭീതിപ്പെടുത്തുന്ന കോട്ടകളെകുറിച്ച്….
ഭാംഗഡ് കോട്ട. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട രാജസ്ഥാനിലെ മറ്റു കോട്ടകൾ പോലെതന്നെ നിർമ്മാണശൈലിയിലും രീതികളിലും ഒക്കെ ഏറെ വ്യത്യസ്തവും മനോഹകുമാണ്. എന്നാൽ സൂര്യാസ്തമയം കഴിഞ്ഞാൽ പിന്നെ ഇവിടെ സന്ദർശകർക്ക് പ്രവേശിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാർ തന്നെയാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് പ്രാദേശികമായും അല്ലാതെയും ഒട്ടേറെ കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ ഒരു പ്രേതനഗരമായാണ് ആളുകൾ പരിഗണിക്കുന്നത്. കോട്ടയും അതിനോടു ചേർന്നുള്ള സ്ഥലങ്ങളിലും രാത്രി കാലങ്ങളിൽ വിശദീകരിക്കുവാൻ കഴിയാത്ത പല കാര്യങ്ങൾക്കും വേദിയാകുന്നുണ്ടെന്ന് ഇവിടെ എത്തുന്നവർ പറയുന്നു. രാത്രി കോട്ടയിൽ കയറിയവർ പിന്നെ സൂര്യോദയം കണ്ടിട്ടില്ല എന്ന കഥകളും കേൾക്കുന്നുണ്ട്. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാൻ കഴിയും. ഇക്കാരണങ്ങളാൽ തന്നെയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളിൽ ഇവിടേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.
റാണകുംഭ കൊട്ടാരം. ചിറ്റോർഗാറിലെ റാണാകുംഭ കൊട്ടാരത്തിലും അസാധാരണമായ ചില സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ കൊട്ടാരത്തിലെ ആരെയും ഭയപ്പെടുത്തുന്ന ഒരു ഹാൾ ഉണ്ട്. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി കൊട്ടാരം ആക്രമിച്ച സമയത്ത് മഹാറാണി പത്മിനി എഴുന്നൂറോളം തോഴിമാർക്കൊപ്പം തീയിൽ ചാടി ജീവൻ ബലി കഴിച്ചിരുന്നു. അന്നുമുതൽ കൊട്ടാരം സന്ദർശിക്കുന്നവർ ഈ രാജ്യം സംരക്ഷിക്കണമെന്നു പറഞ്ഞു കരയുന്ന സ്ത്രീ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് പറയപ്പെടിന്നത്. ഇത് പരിശോധിക്കാൻ കൊട്ടാരത്തിൽ എത്തിയവർ ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ രാജവേഷത്തിൽ കത്തിയമർന്ന ഒരു സ്ത്രീയെ കണ്ടുവെന്നുള്ള കഥകളും കൊട്ടാരത്തെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്.
കുൽധാര. ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് രാജസ്ഥാനിലെ ജയ്‌സാൽമർ ജില്ലയിലുള്ള കുൽധാര എന്ന ഗ്രാമം. ഒരൊറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായിപ്പോയ ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ വളരെ സമ്പന്നമായ കുൽധാര ഗ്രാമത്തിൽ ബ്രാഹ്മണരാണ് താമസിച്ചിരുന്നത്. ഒരിക്കൽ ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ മന്ത്രി സലിം സിംഗ് ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വർധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെൺകുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേർന്ന് ഇരുട്ടിവെളുക്കുന്നതിനു മുൻപ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഈ കഥയിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ഇവിടെ നിന്നും ആരും ഓടി പോകുന്നതായി ഒരാളും കണ്ടിട്ടില്ല. പ്രേതാത്മാക്കൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ ഗ്രാമത്തിൽ സൂര്യാസ്തമയത്തിന് ശേഷം യാത്രക്കാർക്ക് സന്ദർശിക്കാൻ അനുവാദമില്ല. കുൽധാര ശപിക്കപ്പെട്ടതാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
ആരവല്ലി ഹിൽസിനു മുകളിലുള്ള നഹാഗർ കോട്ട ഇന്നും ജനങ്ങൾ പോകാൻ ഭയപ്പെടുന്ന സ്ഥലമാണ്. സാവായ് രാജാ മാൻ സിംഗ് തന്റെ രഞ്ജിമാർക്കു വേണ്ടി പണി കഴിപ്പിച്ചതായിരുന്നു ഈ കോട്ട. കൊട്ടാരത്തിനകത്തുള്ളവർ പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതിരിക്കാൻ ആകാശവലിപ്പത്തിലാണ് കോട്ടയുടെ മതിലുകൾ നിർമ്മിച്ചിരുന്നത്. എന്നാൽ അദ്ദേഹം മരിച്ചതിനുശേഷം ഭാര്യമാരുടെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ ആത്മാവ് കോട്ടയ്‌ക്ക് പുറത്തുകൂടെ ഇപ്പോഴും അലയുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
രാജസ്ഥാനിലെ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ബ്രിജ് രാജ് ഭവനിലും നിഗൂഢത ഒളിഞ്ഞുകിടപ്പുണ്ട്. ഇവിടെ ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്റെ പ്രേതം അലഞ്ഞു നടക്കുന്നുണ്ടെന്നാണ് വിശ്വാസം ശിപായി ലഹള സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മേജർ ബർട്ടണെയും കുടുംബത്തെയും ഇന്ത്യൻ പട്ടാളക്കാർ വധിച്ചിരുന്നു. ബർട്ടന്റെ ആത്മാവ് ഇന്നും ബ്രിജ് രാജ് ഭവനിലൂടെ അലയുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഭയത്തിന്റെ മൂടുപടത്തിനു മേൽ കരിമണലുകൾ പരന്നുകിടക്കുന്ന ഗുജറാത്തിലെ ദുമാസ് ബീച്ച്. മനോഹരമായ കടൽ കാഴ്ചകളും മറ്റെങ്ങും കാണാത്ത കറുത്ത മണൽത്തരികളും കാലിലൂടെ തൊട്ടുതലോടി പോകുന്ന തിരകളും രുചികരമായ ഭക്ഷണം വിളമ്പുന്ന കടൽക്കരയിലെ തട്ടുകടകളുമൊക്കെ ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ആ തീരത്തേക്ക് ആകർഷിക്കുന്നത്. പുറം കാഴ്ചയിൽ ആളുകൾ മയങ്ങുമെങ്കിലും സന്ധ്യ കഴിഞ്ഞാൽ സ്ഥിതി പാടെ മാറും. പകൽ സമയങ്ങളിൽ ബീച്ച് സജീവമായിരിക്കും. എന്നാൽ രാത്രി ആയാൽ എല്ലാവരും പെട്ടെന്ന് തന്നെ അവിടെനിന്നും സ്ഥലം വിടും. വർഷങ്ങൾക്കു മുൻപ് ഈ ബീച്ചും പരിസരവും ശ്മശാന ഭൂമിയായിരുന്നുവെന്നും ശവദാഹങ്ങൾ നടത്തിയാണ് മണൽ കറുപ്പായതെന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. അതുമാത്രമല്ല അക്കാലങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾ രാത്രിക്കാലങ്ങളിൽ കടൽക്കരയിലൂടെ അലയുമെന്നും അവരുടെ ശബ്ദവും പൊട്ടിച്ചിരിയും കേട്ടവരുണ്ടെന്നും ആളുകൾ പറയുന്നു. എന്തായാലും ധൈര്യം കാണിക്കാൻ വേണ്ടി കടൽക്കരയിൽ രാത്രികാലം ചെലവഴിച്ച പലർക്കും എട്ടിന്റെ പണി കിട്ടിയിട്ടുണ്ടെന്നും വിശ്വാസമുണ്ട്.
ഇത്തരം വിശ്വാസങ്ങൾ കാരണം രാത്രി കാലങ്ങളിൽ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം അന്തവിശ്വാസങ്ങളിൽ ആരും വീഴാതെയായി. പേടിപ്പെടുത്തുന്ന സ്ഥലത്തെത്തി ധൈര്യം കാണിച്ച് ഒറ്റയ്‌ക്ക് താമസിക്കുന്നവർ ഏറെയായതോടെ പലരുടേയും കളളക്കളികളും വെളിച്ചത്തായി. ആളുകളുടെ പേടി മാറ്റാൻ ഹോണ്ടട് ഹൗസുകളും മറ്റും തുടങ്ങിയതും കൂടുതൽ സഹായകമായി എന്ന് തന്നെ പറയാം. എന്നാൽ ഇന്നും മനുഷ്യർക്കും ശാസ്ത്രത്തിനും കണ്ടെത്താൻ സാധിക്കാത്ത പല നിഗൂഢതകളും പ്രകൃതിയിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.














