പാലക്കാട് : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവം ആത്മഹത്യയാണെന്ന പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ശരിവെച്ച സിബിഐയ്‌ക്ക് കത്ത് അയച്ച് പെൺകുട്ടികളുടെ അമ്മ. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് അമ്മ കത്ത് നൽകിയത്. പെൺകുട്ടികളുടേത് കൊലപാതകമാണെന്നും കത്തിൽ അമ്മ ആവർത്തിക്കുന്നു.
സിബിഐ ധാർമ്മിക ഉത്തരവാദിത്വം നിർവ്വഹിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ കത്തിൽ പറയുന്നു. പെൺകുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നൽകിയിട്ടും മുഖവിലയ്‌ക്കെടുത്തില്ല. കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു.
തന്റെയും ഭർത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഗണിച്ചില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും കത്തിൽ അമ്മ ആരോപിക്കുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭർത്താവിനെയും കേൾക്കാൻ സിബിഐയ്‌ക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും അമ്മ കത്തിൽ പറഞ്ഞു.
വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ സംഭവം കൊലപാതകമാണെന്നും,സിബിഐ അന്വേഷണം വേണമെന്നുമുള്ള അമ്മയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു. പെൺകുട്ടികളുടേത് കൊലപാതകമല്ലെന്ന നിഗമനത്തിലാണ് സിബിഐയും എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സിബിഐ സമർപ്പിച്ചു.
Comments