ശതകോടീശ്വരനായ ഇലോൺ മസ്കിനെ അറിയാത്തവരായി അധികമാരും തന്നെ ഉണ്ടാവില്ല.ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ മസ്ക് ടെസ്ല, പേപാൽ, സ്പേസ് എക്സ് തുടങ്ങിയ വൻകിട കമ്പനികളുടെ തലവനുമാണ്. അമേരിക്കകാരനായ മസ്കിനെ പറ്റിയുള്ള വാർത്തകളും വീഡിയോകളും ഫോട്ടോകളും നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്. മസ്കിന്റെ അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ വീഡിയോയിലുള്ളത് സാക്ഷാൽ ഇലോൺ മസ്കല്ല. പിന്നെയോ…? ഒട്ടുമിക്ക സാധനങ്ങളുടേയും ഡൂപ്ലിക്കേറ്റ് ഇറക്കുന്ന ചൈന തന്നെയാണ് ഈ ഡൂപ്ലിക്കേറ്റ് മസ്കിന്റെയും പിറകിൽ. ഇലോൺ മസ്കിനോട് രൂപസാദൃശ്യമുള്ള ഒരു ചൈനക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
ടിക്ക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡോയലിലാണ് ഇലോൺ മസ്കിന്റെ അപരന്റെ വീഡിയോ ആദ്യം വന്നത്.
ഒരു കറുത്ത ടെസ്ല കാറിനോട് ചേർന്നാണ് ക്യാമറയിലേക്ക് നോക്കി നിന്ന് എന്തോ പറയുന്നതാണ് ഇലോൺ മസ്കിന്റെ അപരന്റെ വീഡിയോ. ചിലർ ഇലോൺ മസ്ക് എന്ന പേരിനെ ചൈനീസ്വത്കരിച്ച് വീഡിയോയിലെ കക്ഷിയുടെ പേര് ‘യി-ലോങ്ങ് മസ്ക്’ എന്നാണെന്നും പറയുന്നുണ്ട്.
വീഡിയോ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.ഒരു ട്വിറ്റർ ഉപഭോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെ ഇലോൺ മസ്ക് കുറിച്ച കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ”ഒരുപക്ഷേ ഞാൻ ഭാഗികമായി ചൈനക്കാരനായിരിക്കാം!” എന്നാണ് ഇലോൺ മസ്ക് തന്റെ അപരന്റെ വീഡിയോയ്ക്ക് കീഴെ കുറിച്ചത്.
അതെ സമയം വൈറൽ വീഡിയോ യാഥാർത്ഥമാണോ, ഇങ്ങനെ ഒരു വ്യക്തി ചൈനയിലുണ്ടോ അതോ ഡീപ്ഫെയ്ക്ക് പോലെ എന്തെങ്കിലുമൊരു ആപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതാണോ എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. വിഡിയോയിൽ പ്രദർശിപ്പിക്കുന്ന വ്യക്തിയുടെ മുഖം പ്രശസ്തരായ വ്യക്തികൾക്ക് സമാനമായി മാറ്റുന്ന സംവിധാനമാണ് ഡീപ്ഫെയ്ക്ക്. ശ്രദ്ധിച്ചില്ലെങ്കിൽ കൃത്രിമമായി തയ്യാറാകുന്ന ഇത്തരം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന പ്രശസ്തനായ വ്യക്തി യാഥാർത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചേക്കാം. വ്യാജവാർത്തകൾ, സാമ്പത്തീക തട്ടിപ്പുകൾ, സെലിബ്രിറ്റികളുടെ അശ്ലീവിഡിയോകൾ തയ്യാറാക്കാൻ തുടങ്ങിയ കൃത്യങ്ങൾക്കാണ് ഡീപ് ഫെയ്ക്ക് ആപ്പ് ഉപയോഗിക്കുന്നത്.
Comments