കൊളംബോ: ശ്രീലങ്കൻ ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് അയോദ്ധ്യയിലെ സരയൂ നദിയിലെ പുണ്യജലം. ദ്വീപ് രാഷ്ട്രത്തിലെ സീതാ ഏലിയ എന്ന ഗ്രാമത്തിലെ സീതാ അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിലാണ് സരയൂ നദിയിലെ ജലം ഉപയോഗിച്ചത്.
ആയിരക്കണക്കിന് ഭക്തരാണ് പുണ്യചടങ്ങിന് സാക്ഷ്യം വഹിച്ചത്. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ പ്രമുഖരും ചടങ്ങിന്റെ ഭാഗമായി. ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ നിന്നും സീതാദേവിയുടെ ജന്മസ്ഥലമായ നേപ്പാളിൽ നിന്നും ക്ഷേത്രത്തിന് പവിത്രമായ വഴിപാടുകൾ ലഭിച്ചതായി ശ്രീലങ്കൻ മാദ്ധ്യമമായ ന്യൂസ് ഫസ്റ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും അയച്ച വസ്ത്രങ്ങളും മറ്റ് സാമഗ്രികളും തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്ന് അയച്ച 5,000 ലഡുവും സമർപ്പിച്ചതോടെയാണ് ചടങ്ങിന് പരിസമാപ്തിയായത്. അയോദ്ധ്യയിൽ നിന്നെത്തിച്ച വഴിപാടുകളിൽ ശ്രീരാമ വിഗ്രഹം കൊത്തിയെടുത്ത കരിങ്കല്ലും ഉൾപ്പെടുന്നു. രാമൻ, സീതാ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളും സീതാ ദേവിക്കായി പ്രത്യേകം നെയ്ത മൂന്ന് പട്ടുസാരികളും ഇന്ത്യയിൽ നിന്നെത്തിച്ചവയിൽ ഉൾപ്പെടുന്നു.
അയോദ്ധ്യയിൽ നിന്നുള്ള പ്രതിനിധി സംഘമാണ് അമൂല്യമായ വസ്തുക്കൾ ശ്രീലങ്കയിലെത്തിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകൾ അടങ്ങിയ 40 സ്റ്റീൽ പെട്ടികളും സംഘം എത്തിച്ചിട്ടുണ്ട്. ഗംഗ, സരയൂ നദികളിലെ ജലവും കടൽ കടന്ന് ദ്വീപ് രാഷ്ട്രത്തിലെത്തിച്ചു. ശ്രീരാമചന്ദ്രനോടും സീതാദേവിയോടുമുള്ള അചഞ്ചലമായ ഭക്തിയും ആദരവും സൂചിപ്പിക്കുന്നതാണ് ഈ കൈമാറ്റം. ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്ന ആത്മീയ പ്രാധാന്യവും സാംസ്കാരിക പൈതൃകവും ഇത് എടുത്തുകാണിക്കുന്നു.















