ന്യൂഡൽഹി: കർഷകർക്ക് പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനം. പിഎം കിസാൻ സമ്മാൻ നിധിയുടെ ഒരു ഗഡു ജനുവരി ഒന്നിന് വിതരണം ചെയ്യും. പദ്ധതിപ്രകാരമുളള പത്താം ഗഡുവാണിത്. 10 കോടിയിലധികം ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപയാണ് കൈമാറുക.
യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയാണ് പിഎം-കിസാൻ പദ്ധതിക്ക് കീഴിൽ നൽകുന്നത്. 2000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് കൈമാറുന്നത്.
താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. പരിപാടിയിൽ വച്ച് പ്രധാനമന്ത്രി ഓഹരി ധനസഹായത്തിൽ കൂടുതൽ തുക അനുവദിക്കും. ഏകദേശം 351 കർഷക ഉല്പാദന സംഘങ്ങൾക്ക് 14 കോടിയിലധികം അനുവദിക്കും. 1.24 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഉല്പാദന സംഘങ്ങളുമായി സംവദിക്കുകയും ചെയ്യും.
കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
Comments