ശിവഗിരി: ഗുരുദേവ ദർശനങ്ങൾ ഉൾക്കൊളളുകയും അത് പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുളളതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. 89 മത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിനത്തിൽ തീർത്ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ പുരോഗതിക്ക് വേണ്ടിയുളള സുസ്ഥിര വികസനത്തിന്റെ പാതയിലേക്കുളള വഴികൾ ഗുരുദേവൻ 90 വർഷങ്ങൾക്ക് മുൻപ് വിഭാവനം ചെയ്തതും നടപ്പാക്കാൻ നിർദ്ദേശിച്ചതുമാണ്. അതാണ് ഇപ്പോൾ ലോകരാജ്യങ്ങളും ഇന്ത്യയും പിന്തുടരുന്നതും.
ഗുരുദേവ ദർശനങ്ങളുടെയും ജീവിതത്തിന്റെയും പ്രസക്തി ഭാരതം മാത്രമല്ല ലോകം മുഴുവൻ മനസിലാക്കി കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങൾ മുഴുവൻ വികസിപ്പിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഗുരുദേവന്റെ പുണ്യസ്പർശം ഏറ്റിട്ടുളള ചെമ്പഴന്തിയും ശിവഗിരിയും അരുവിപ്പുറവും ഒക്കെ വികസിപ്പിക്കാൻ വേണ്ടിയുളള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി.
ഗുരുവിന്റെ ദർശനങ്ങൾ ആണ് നാടിനെ നവോത്ഥാനത്തിലേക്ക് നയിച്ചതെന്ന് വി. മുരളീധരൻ പറഞ്ഞു. ആധ്യാത്മിക ആശയങ്ങളിൽ ഉറച്ചു നിന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന് തെളിയിച്ച വ്യക്തിയാണ് ശ്രീ നാരായണ ഗുരു വെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തീർത്ഥാടനത്തിന്റെ 90 ാം വർഷത്തിലേക്ക് കടക്കുമ്പോൾ പോലും ഗുരുദേവ ദർശനം പൂർണമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടോയെന്ന ചോദ്യം ബാക്കിയാണെന്ന് വി. മുരളീധരൻ പറഞ്ഞു. ഗുരുദേവ ദർശനം സമസ്ത ജീവജാലങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കാത്തവർ ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ ഇത്തവണ ജനുവരി 5 വരെ തീർത്ഥാടനത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments