ലക്നൗ : വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയിലേക്കുള്ള നേതാക്കന്മാരുടെഒഴുക്ക് തുടരുന്നു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി നേതാവ് ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും എംഎൽസിയുമായിരുന്ന ശതരുദ്ര പ്രകാശ് ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം ബിജെപിയിൽ ചേർന്നത്. ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന്റെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി പ്രവേശനം. ഉത്തർപ്രദേശിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പ്രകാശ് ബിജെപിയിൽ ചേർന്നത് സമാജ്വാദി പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി യാഥാർത്ഥ്യമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പ്രകാശ് രംഗത്ത് വന്നിരുന്നു. ഇതോടെ തന്നെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദവിദ്യാർത്ഥിയായിരിക്കെയാണ് ശതരുദ്ര പ്രകാശിന്റെ രാഷ്ട്രീയ പ്രവേശനം. 1974 ൽ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം എങ്കിലും പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേരുകയായിരുന്നു. മുലായംസിംഗ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്യാബിനറ്റ് മന്ത്രിയായിരുന്നു പ്രകാശ്.
Comments