ചെന്നൈ : തമിഴ്നാട്ടിൽ നിന്ന് 500 കോടി വിലമതിക്കുന്ന മരതക കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി. തഞ്ചാവൂരിലെ ബാങ്ക് ലോക്കറിൽ നിന്നാണ് പോലീസ് ഇത് കണ്ടെടുത്തത്. വിഗ്രഹം എങ്ങനെയാണ് ബാങ്ക് ലോക്കറിൽ എത്തിയത് എന്നും ഇതിന്റെ ഉടമയ്ക്ക് എങ്ങനെയാണ് ഇത്രയും പണം ലഭിച്ചത് എന്നും അന്വേഷിച്ചുവരികയാണെന്ന് അഡി. ഡിജിപി ജയനാഥ് മുരളി അറിയിച്ചു.
തഞ്ചാവൂരിലെ ഒരു വീട്ടിൽ വൻ തോതിൽ പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അരുൺ എന്നയാളുടെ വീട്ടിലാണ് പരിശോധന നടന്നത്. എന്നാൽ തനിക്ക് വിഗ്രഹത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അച്ഛൻ സാമിയപ്പനാണ് വിഗ്രഹം ബാങ്ക് ലോക്കറിൽ വെച്ചത് എന്നും അരുൺ പറഞ്ഞു. തുടർന്നാണ് ബാങ്ക് ലോക്കറിൽ നിന്നും ഇത് കണ്ടെടുത്തത്.
നാഗപ്പട്ടണം ജില്ലയിലെ തിരുക്കുവലയിലുള്ള ശിവക്ഷേത്രത്തിൽ നിന്നും 2016 ൽ കാണാതായ വിഗ്രഹമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നു. കാലടി ആദി ശങ്കര ജന്മഭൂമിയിൽ നിന്ന് 2009 ൽ മരതക ശിവലിംഗം കാണാതായിരുന്നു. കേരള പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ശിവലിംഗത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments